കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് കേരള മുസ്ലീം ജമാഅത്ത് മറ്റന്നാൾ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് റദ്ദാക്കി.
ബോർഡ് പുനഃസംഘടനയിൽ സംഘടന ഉന്നയിച്ച ആവശ്യങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. വഖഫ് ബോർഡിൽ എപി സുന്നി വിഭാഗം ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതോടെയാണ് സമരം ഒഴിവാക്കിയത്.
ഈ വിഭാഗത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം കേരള മുസ്ലീം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി പ്രതികരിച്ചു.
ബോർഡ് പുനഃസംഘടനയിൽ തങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശനെ സംഘടന കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിനെതുടർന്നാണ് സർക്കാർ പുതിയ സമവായ ഫോർമുല തയ്യാറാക്കിയത്.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ലീഗ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പുതിയ ഫോർമുല രൂപീകരിച്ചത്. ബോർഡിൽ എപി വിഭാഗത്തിന് അംഗത്വം നൽകാനാണ് തീരുമാനം.
എന്നാൽ ഇതിനു പകരമായി ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഈ വിഭാഗം ഒഴിഞ്ഞുകൊടുക്കും. സമവായ ചർച്ചകളിൽ പൊന്നാനി എംഎൽഎ നൗഷാദ് അലി നിർണായക പങ്കുവഹിച്ചു.
പുതിയ വഖഫ് ബോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ മാറ്റി ആ സ്ഥാനത്തേക്ക് എപി സുന്നി വിഭാഗത്തിന്റെ പ്രതിനിധിയെ നിയമിക്കാനാണ് ധാരണ.
ഹജ്ജ് കമ്മിറ്റി അധ്യക്ഷ പദവി കൊണ്ട് മാത്രം തൃപ്തിപ്പെടില്ലെന്ന് വിഭാഗം വ്യക്തമാക്കിയതിനെ തുടർന്നാണ് ബോർഡ് അംഗത്വം തന്നെ നൽകാൻ മുഖ്യമന്ത്രിയും പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ തീരുമാനത്തിലെത്തിയത്. സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ചെയർമാൻ എം സി മായിൻ ഹാജി വ്യക്തമാക്കി.
വഖഫ് ബോർഡ് അംഗത്വത്തിന് പുറമേ മറ്റ് ചില സുപ്രധാന പദവികളും കാന്തപുരം വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

