മുംബൈയിലെ പ്രശസ്തമായ താജ്മഹൽ ഹോട്ടലിൽ വെച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യു.ഇ.എ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നിർണായക ചർച്ചകൾ നടത്തി.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ ഇരു നേതാക്കളും യോഗത്തിൽ സവിസ്തരം വിലയിരുത്തി. ഇന്ത്യയും യു.ഇ.എയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.
ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകര നീക്കം വിജയകരമായി ചെറുത്ത ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിന്റെ അസാധാരണ ധീരതയെ യു.ഇ.എ വിദേശകാര്യ മന്ത്രി പ്രത്യേകം പ്രശംസിച്ചു. ഇന്ത്യയെ എപ്പോഴും സ്വന്തം രണ്ടാം വീടായി കരുതണമെന്നാണ് ഷെയ്ഖ് അബ്ദുള്ളയോട് വിദേശകാര്യ മന്ത്രി എസ്.
ജയശങ്കർ ആവശ്യപ്പെട്ടത്. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളിൽ ഇന്ത്യക്ക് അതീവ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചർച്ചകൾ നടത്തിവരികയാണ്.
കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ട മാർക്കോ റൂബിയോ, ഇന്ത്യ – അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് ശുഭവാർത്തകൾ ഉടൻ ഉണ്ടാകുമെന്ന് പ്രതികരിച്ചു.
വളരെ ചെറിയ കാര്യങ്ങൾ മാത്രമാണ് ഇനി പരിഹരിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ – യു.എസ് വ്യാപാര കരാർ തന്നെയാണ് ഈ കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ തീരുവ സംബന്ധിച്ച കാര്യങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്യും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 100% വരെ അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്ക നേരത്തെ രണ്ട് മാസത്തേക്ക് മരവിപ്പിച്ചിരുന്നു.
ഊർജ്ജ മേഖലയിലെ സഹകരണത്തിന് പുറമെ റഷ്യ – യുക്രൈൻ സംഘർഷം, പശ്ചിമേഷ്യൻ പ്രതിസന്ധി എന്നിവ പരിഹരിക്കുന്നതിനുള്ള നയപരമായ നടപടികളും യോഗം വിലയിരുത്തുന്നുണ്ട്. ചർച്ചകൾക്ക് ശേഷം നിർണായകമായ പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത.
ഇതിനിടയിൽ, വൈകുന്നേരം അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ ഇരുനൂറ്റിയമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക ചടങ്ങും മുംബൈയിൽ നടക്കും. നാളെ മുംബൈയിൽ നിന്ന് പുറപ്പെടുന്ന മാർക്കോ റൂബിയോ ജാംനഗറിലേക്ക് പോവുകയും റിലയൻസിന്റെ റിഫൈനറി സന്ദർശിക്കുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

