നഗരത്തിൽ അമിത ശബ്ദമുണ്ടാക്കി പൊതുശല്യമായി മാറിയ ഇരുചക്രവാഹനങ്ങളുടെ സൈലൻസറുകൾ കോയമ്പത്തൂർ സിറ്റി ട്രാഫിക് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രത്യേക പരിശോധനയിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയ 332 ബൈക്കുകളുടെ സൈലൻസറുകളാണ് അധികൃതർ അഴിച്ചുമാറ്റിയത്.
നഗരത്തിലെ കലാലയങ്ങളിലും ഐടി കമ്പനികളിലും ജോലി ചെയ്യുന്ന യുവാക്കളാണ് ഇത്തരം വാഹനങ്ങളുടെ പ്രധാന ഉപയോക്താക്കൾ എന്ന് പൊലീസ് വ്യക്തമാക്കുന്നു. കമ്പനി നിർമ്മിത സൈലൻസറുകൾക്ക് പകരം അമിത ശബ്ദമുണ്ടാക്കുന്നവ ഘടിപ്പിച്ച് റോഡുകളിൽ ഭീതി പരത്തുന്ന പ്രവണത ഏറിയതോടെയാണ് കർശന നടപടിയുമായി പൊലീസ് രംഗത്തിറങ്ങിയത്.
നഗരത്തിലെ വിവിധ സിഗ്നലുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയധികം വാഹനങ്ങൾ പിടിയിലായത്. പിടിച്ചെടുത്ത സൈലൻസറുകൾ കോയമ്പത്തൂർ പൊലീസ് റിക്രൂട്ടിങ് സ്കൂൾ മൈതാനത്ത് പ്രദർശിപ്പിച്ചു.
നിയമലംഘനം നടത്തിയവർക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. കുറ്റം ആവർത്തിക്കുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കുമെന്ന് ട്രാഫിക് ഡിസി മുന്നറിയിപ്പ് നൽകി.
മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ വലിയ തോതിലുള്ള പരാതികളെ തുടർന്നാണ് ഈ നീക്കമെന്ന് പൊലീസ് കമ്മിഷണർ ഡോ.എൻ.കണ്ണൻ അറിയിച്ചു. നടപടിക്ക് ശേഷം പിടിച്ചെടുത്ത സൈലൻസറുകൾ നശിപ്പിച്ചു കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

