സെൻസർ ബോർഡ് തടസ്സങ്ങളെത്തുടർന്ന് ആറുമാസം വൈകിയെത്തിയ, തമിഴ്നാട് മുഖ്യമന്ത്രി വിജയ് അഭിനയിച്ച ‘ജനനായകൻ’ സിനിമയ്ക്ക് തിയറ്ററുകളിൽ വൻ സ്വീകാര്യത. ടിവികെ പാർട്ടി പ്രവർത്തകരും ഫാൻസ് അസോസിയേഷൻ അംഗങ്ങളും പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പാലഭിഷേകം നടത്തിയും തിയറ്ററുകൾക്ക് മുന്നിൽ ആഘോഷം സംഘടിപ്പിച്ചു.
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൃത്തച്ചുവടുകളുമായാണ് പ്രവർത്തകർ ആഘോഷവേദിയിലേക്ക് എത്തിയത്. തമിഴ്നാട്ടിലാകെ ആയിരത്തോളം തിയറ്ററുകളിലാണ് ചിത്രത്തിന്റെ പ്രദർശനം നടക്കുന്നത്.
തമിഴ്നാട്ടിൽ ഇന്നലെ രാവിലെ 9 മണിക്കായിരുന്നു സിനിമയുടെ ഔദ്യോഗിക ആദ്യ പ്രദർശനം ആരംഭിച്ചത്. എങ്കിലും വിമാനത്താവളത്തിനു സമീപമുള്ള ബ്രോഡ്വേ തിയറ്ററിൽ രാവിലെ 7 മണിക്ക് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചിരുന്നു.
കരുമത്തംപട്ടിയിൽ സിനിമാശാലയ്ക്കു മുന്നിൽ ചിത്രത്തിന്റെ വിജയത്തിനായി സ്ത്രീകൾ പൊങ്കാല സമർപ്പിച്ചത് ശ്രദ്ധേയമായി. ആഘോഷങ്ങളുടെ ഭാഗമായി പ്രധാന റോഡുകളിലെല്ലാം കനത്ത ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
കോയമ്പത്തൂർ ഗംഗ തിയറ്ററിൽ പിന്നാക്ക വിഭാഗം മന്ത്രി വി.സമ്പത്ത് കുമാർ ഫാൻസ് അസോസിയേഷൻ പ്രവർത്തകർക്കൊപ്പം സിനിമ കാണാനെത്തി. എക്സൈസ് മന്ത്രി കെ.വിഘ്നേഷ് പോത്തന്നൂരിലെ അരസൻ തിയറ്ററിലുമാണ് ചിത്രം കണ്ടത്.
മൂന്നു മണിക്കൂർ നീളുന്ന ചിത്രത്തിന്റെ ഒടുവിൽ നായകൻ നന്ദി പറഞ്ഞുവച്ചപ്പോൾ മന്ത്രിമാർ വികാരാധീനരായി പൊട്ടിക്കരഞ്ഞു. ഫാൻസ് അസോസിയേഷൻ നേതാക്കളായി പ്രവർത്തിച്ചാണ് തങ്ങൾ ഈ നിലയിലെത്തിയതെന്നും ‘വിജയ് ഫാൻസ്’ എന്ന് അറിയപ്പെടുന്നതാണ് തങ്ങളുടെ ഏറ്റവും വലിയ അടയാളമെന്നും മന്ത്രി സമ്പത്ത് വ്യക്തമാക്കി.
ഇതിനിടെ, മേട്ടുപ്പാളയത്തു ടിവികെ എംഎൽഎ എൻ.സുനിൽ ആനന്ദ് ശിവം ആദ്യത്തെ രണ്ടു പ്രദർശനങ്ങളും സൗജന്യമാക്കി മാറ്റി. ഈ രണ്ട് ഷോകളുടെയും മുഴുവൻ ടിക്കറ്റ് തുകയും എംഎൽഎയാണ് നൽകിയത്.
ഒപ്പം തിയറ്ററിലെത്തിയ എല്ലാവർക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

