വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ, മത്സരത്തിന്റെ തീവ്രതയെക്കുറിച്ചും സമ്മർദ്ദഘട്ടങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് ഇന്ത്യൻ താരം ജെമീമ റോഡ്രിഗസ്. പരിചയസമ്പന്നരായ താരങ്ങൾക്ക് പോലും ഇത്തരം മത്സരങ്ങൾ നൽകുന്ന മാനസിക സമ്മർദ്ദം തള്ളിക്കളയാനാകില്ലെന്ന് താരം അഭിപ്രായപ്പെടുന്നു.
ബര്‍മിങ്ഹാമില്‍ നടക്കുന്ന നിർണായക ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു താരം. തന്റെ കരിയറിലെ ആദ്യ ഇന്ത്യ-പാക് മത്സരത്തെക്കുറിച്ചുള്ള ഓർമ്മകൾ ജെമീമ പങ്കുവെച്ചു.
”ഞാന്‍ എന്റെ ആദ്യ ഇന്ത്യ-പാകിസ്ഥാന് മത്സരം കളിച്ചപ്പോഴത്തെ കാര്യം എനിക്കോര്‍മ്മയുണ്ട്. അന്ന് ഡ്രെസ്സിംഗ് റൂമില്‍ വെച്ച് ഹര്മന് ദീദി (ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍) ഞങ്ങളോട് സംസാരിച്ചിരുന്നു: ‘നമുക്കിത് നിഷേധിക്കാന്‍ കഴിയില്ല, പുറത്തുനിന്ന് വലിയ രീതിയിലുള്ള സമ്മര്‍ദ്ദമുണ്ട്.
കാരണം ഇന്ത്യ-പാകിസ്ഥാന് മത്സരങ്ങളുടെ ചരിത്രവും ആരാധകരുടെ പ്രതീക്ഷകളും എന്താണെന്ന് നമുക്കറിയാം’ എന്നാണ് അന്ന് ഹര്മന് പറഞ്ഞത്.” ക്രിക്കറ്റ് പ്രേമികളുടെ വൈകാരികമായ ഇടപെടലുകളെക്കുറിച്ചും താരം വാചാലയായി. ”എന്റെ ഫ്ലാറ്റിലെ വാച്ച്മാന് പോലും എന്നോട് പറയാറുണ്ട്, ‘നിങ്ങള്‍ ആരോട് വേണമെങ്കിലും തോറ്റോളൂ, പക്ഷേ പാകിസ്ഥാനോട് മാത്രം തോല്‍ക്കരുത്’ എന്ന്.
ആളുകള്‍ ക്രിക്കറ്റിനെയും ഈയൊരു മത്സരത്തെയും അത്രമാത്രം സ്നേഹിക്കുന്നത് കൊണ്ടാണ് അത്തരമൊരു സമ്മര്‍ദ്ദം ഉണ്ടാകുന്നത്.” ജെമീമ വ്യക്തമാക്കി. ലോകകപ്പ് മുന്നിൽ കണ്ട് ഇന്ത്യൻ ടീം നടത്തുന്ന കഠിനമായ പരിശീലനങ്ങളെക്കുറിച്ചും താരം വിശദീകരിച്ചു.
കളിക്കളത്തിലെ സമ്മർദ്ദ സാഹചര്യങ്ങളെ അതിജീവിക്കാൻ കൃത്രിമമായി അത്തരം സാഹചര്യങ്ങൾ സൃഷ്ടിച്ച് പരിശീലനം നടത്തുന്ന രീതിയാണ് ടീം പിൻതുടരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് കൂടുതൽ ആത്മവിശ്വാസത്തോടെയാണ് ടീം ലോകകപ്പിനെ നേരിടാൻ ഒരുങ്ങുന്നത് എന്നും ജെമീമ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

