രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് റിസർവ് ബാങ്കിന്റെ ഭരണസാരഥ്യത്തിലുള്ള ഇരിങ്ങാലക്കുട ടൗൺ അർബൻ കോ–ഓപ്പറേറ്റീവ് ബാങ്കിൽ വൻ ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ട്.
ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് പരസ്പര ജാമ്യ വ്യവസ്ഥയിൽ അടക്കം 23 അപേക്ഷകളിലായി 124.50 കോടി രൂപയുടെ വായ്പകൾ അനുവദിച്ചതായാണ് ബാങ്കിന്റെ നിഷ്ക്രിയ ആസ്തി പട്ടികയിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇതുപ്രകാരം ഒരു കുടുംബത്തിൽ തന്നെ ഭാര്യയുടെ ജാമ്യത്തിൽ ഭർത്താവിനും, ഭർത്താവിന്റെ ജാമ്യത്തിൽ ഭാര്യയ്ക്കും, ഇവരുടെ രണ്ടുപേരുടെയും ജാമ്യത്തിൽ മകനും അമ്മാവനുമായി ആകെ 4 വായ്പകളിലൂടെ മാത്രം വിതരണം ചെയ്തത് 12 കോടി രൂപയാണ്.
വെറും 48 ലക്ഷം രൂപ മാത്രം വിപണി മൂല്യമുള്ള രണ്ടേക്കർ വയൽ ഈടായി സ്വീകരിച്ച് അനുവദിച്ച ഒരു വായ്പയുടെ കുടിശിക മാത്രം ഇപ്പോൾ അഞ്ചരക്കോടി രൂപയിലെത്തിനിൽക്കുന്നു. സാമ്പത്തിക ക്രമക്കേടുകളുടെ വിവരങ്ങൾ പുറത്തുവന്നതോടെ നിക്ഷേപകരുടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്.
2025 ജൂലൈ 30 മുതൽ റിസർവ് ബാങ്കിന്റെ കർശന നിയന്ത്രണത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. നിലവിലെ പ്രതിസന്ധിയെത്തുടർന്ന് നിക്ഷേപകർക്ക് ആറു മാസത്തിലൊരിക്കൽ 10,000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
മുൻപ് കോൺഗ്രസ് ഭരണത്തിലിരുന്ന ഈ ബാങ്കിൽ ഏകദേശം അയ്യായിരത്തോളം നിക്ഷേപകരുടേതായി 482 കോടി രൂപയാണ് ആകെ നിക്ഷേപമുള്ളത്. 2019 മുതൽ റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ചകളാണ് ബാങ്കിനെ ഈ ഗുരുതര പ്രതിസന്ധിയിലേക്ക് എത്തിച്ചത്.
നിഷ്ക്രിയ ആസ്തികൾ വർദ്ധിച്ചതോടെ എല്ലാവിധ ക്രയവിക്രയങ്ങളും റിസർവ് ബാങ്ക് മരവിപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ബാങ്കിന്റെ എടിഎം, ഓൺലൈൻ ആപ്ലിക്കേഷൻ എന്നിവയുടെ പ്രവർത്തനങ്ങളും പൂർണ്ണമായും നിലച്ചു.
നിക്ഷേപ ഗാരന്റി സ്കീമിന്റെ ഭാഗമായി നിക്ഷേപകർക്ക് ഇതുവരെ പണം തിരികെ നൽകിയിട്ടുണ്ടെങ്കിലും, 5 ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപമുള്ളവർക്ക് റിസർവ് ബാങ്ക് നിയന്ത്രണം പൂർണ്ണമായി പിൻവലിച്ചാൽ മാത്രമേ ബാക്കി തുക ലഭിക്കൂ. ചികിത്സ, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി തങ്ങളുടെ ആയുഷ്കാല സമ്പാദ്യം നിക്ഷേപിച്ച നിരവധി സാധാരണക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
വായ്പാ തിരിച്ചടവ് മുടങ്ങിയവരിൽ നിന്നും പിടിച്ചെടുത്ത നിഷ്ക്രിയ ആസ്തികളുടെ മൂല്യം ബാങ്ക് രേഖകളിൽ 362 കോടി രൂപ ഉണ്ടെന്ന് കാണിക്കുന്നുണ്ടെങ്കിലും, യഥാർത്ഥ വിപണി മൂല്യം 100 കോടി രൂപ പോലും വരില്ലെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയിട്ടുള്ളത്. ഈടു നൽകിയ വസ്തുക്കളിൽ ഭൂരിഭാഗവും പാടവും തോടും കുളവും ചതുപ്പുനിലങ്ങളുമാണ്.
ബാങ്കിനെ നിലവിലെ കടക്കെണിയിൽ നിന്നും കരകയറ്റണമെങ്കിൽ കുറഞ്ഞത് 40 കോടിയോളം രൂപയുടെ അധിക മൂലധനം സമാഹരിക്കേണ്ടതുണ്ട്. അതേസമയം, ബാങ്കിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കേണ്ട
തരത്തിലുള്ള വൻ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നും സമഗ്രമായ ഫൊറൻസിക് ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ട് ഐടിയു ബാങ്ക് നിക്ഷേപക സംരക്ഷണ സമരസമിതി രംഗത്തെത്തിയിട്ടുണ്ട്. ബാങ്കിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ചെയർമാൻ, ഡയറക്ടർമാർ, ജീവനക്കാർ എന്നിവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് സമരസമിതി പ്രസിഡന്റ് പ്രിൻസ് മാത്യു, സെക്രട്ടറി ലിയോ പി.
ആന്റോ, ട്രഷറർ ടി.സി. സഞ്ജീവൻ എന്നിവർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

