അഹമ്മദാബാദ് വിമാന അപകടത്തിൽ 260 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന്റെ ഒന്നാം വാർഷികം പിന്നിട്ടിട്ടും, അന്തിമ അന്വേഷണ റിപ്പോർട്ട് പുറത്തുവരാൻ വൈകും. അപകടത്തെക്കുറിച്ച് പഠനം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പുറത്തിറക്കിയ ഏറ്റവും പുതിയ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കുന്നു.
രാജ്യാന്തര തലത്തിലുള്ള അവലോകനങ്ങളും തുടർനടപടികളും പൂർത്തിയായ ശേഷം മാത്രമേ അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. അന്വേഷണത്തിൽ നിർണായക പുരോഗതി കൈവരിക്കാനായെന്ന് എഎഐബി വ്യക്തമാക്കി.
എയർക്രാഫ്റ്റ് സിസ്റ്റംസ്, ഫ്ലൈറ്റ് റെക്കോർഡർ ഡേറ്റ, എൻജിൻ ഘടകങ്ങൾ, മെയിന്റനൻസ് വിവരങ്ങൾ, ഓപ്പറേഷനൽ രേഖകൾ എന്നിവയുടെ സൂക്ഷ്മമായ പരിശോധന ഇതിനകം പൂർത്തിയായിട്ടുണ്ട്. ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും, ആരെയും കുറ്റപ്പെടുത്തുകയല്ല, മറിച്ച് വ്യോമയാന സുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ് അന്വേഷണത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും ഏജൻസി ഓർമ്മിപ്പിച്ചു.
ഇതുവരെ എയർ ഇന്ത്യയ്ക്കോ ബോയിങ് കമ്പനിക്കോ പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങളൊന്നും അന്വേഷണ സംഘം നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അന്വേഷണം സുതാര്യവും പ്രഫഷണലുമായാണ് പുരോഗമിക്കുന്നതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ.റാം മോഹൻ നായിഡു അറിയിച്ചു.
2025 ജൂൺ 12-ന് ഉച്ചയ്ക്ക് ഒന്നരയോടെ അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ എഐ171 ബോയിങ് ഡ്രീംലൈനർ വിമാനം, പറന്നുയർന്ന് 32 സെക്കൻഡിനുള്ളിൽ സമീപത്തെ മെഡിക്കൽ കോളജ് ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. പറന്നുയർന്ന ഉടൻ തന്നെ എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫ് ആയതാകാം അപകടകാരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി എയർ ഇന്ത്യ ജീവനക്കാർ ഇന്നലെ രണ്ട് മിനിറ്റ് മൗനം ആചരിച്ചു. അഹമ്മദാബാദ്, ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലും ഗുരുഗ്രാമിലെ എയർ ഇന്ത്യ ആസ്ഥാനത്തും ഇതിനായി ഒത്തുചേർന്നു.
രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) ചട്ടങ്ങൾ പ്രകാരം ഇത്തരമൊരു അന്വേഷണം പൂർത്തിയാക്കാൻ ഒരു വർഷത്തിലധികം സമയം എടുത്തേക്കാം. അന്തിമ റിപ്പോർട്ടിന്റെ കരട് രേഖ ഇന്ത്യ, യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കും വിമാനം നിർമ്മിച്ച കമ്പനിക്കും അയച്ചുനൽകും.
60 ദിവസത്തിനുള്ളിൽ ലഭിക്കുന്ന മറുപടികൾ കൂടി പരിഗണിച്ച് ആവശ്യമെങ്കിൽ റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്തും. ഒരു വർഷത്തിനുള്ളിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ, വാർഷിക ദിനങ്ങളിൽ അന്വേഷണ പുരോഗതി സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിക്കണമെന്നാണ് നിബന്ധന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

