തിരുവനന്തപുരം: അബുദാബിയിൽ സഹപ്രവർത്തകനായിരുന്ന കഠിനംകുളം സ്വദേശിയായ യുവാവിനെ തേടി തലസ്ഥാനത്തെത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിത അളവിൽ പാരസെറ്റമോൾ ഗുളികകൾ കഴിച്ചതിനെത്തുടർന്ന് അവശനിലയിലായ യുവതിയെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന്റെ പശ്ചാത്തലം
അബുദാബിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. ഈ ബന്ധത്തിൽ യുവതി ഗർഭിണിയായതിന് പിന്നാലെ യുവാവ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
തുടർന്ന് യുവാവിനെത്തേടി യുവതി പലതവണ കേരളത്തിൽ എത്തിയിരുന്നു. ഇതിനിടയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് യുവതിയുടെ ഗർഭച്ഛിദ്രം നടത്തിയിരുന്നു.
വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ യുവാവിന്റെ കുടുംബം ഇടപെട്ട് യുവതിയെ തിരികെ നാട്ടിലേക്ക് അയക്കുകയായിരുന്നു. ഉടൻ തന്നെ താൻ യുവതിയെ തേടി എത്തുമെന്ന് വാഗ്ദാനം നൽകിയാണ് യുവാവ് ഈ സാഹചര്യം ഒഴിവാക്കിയത്.
എന്നാൽ പിന്നീട് ഇയാൾ ഫോൺ കോളുകളോട് പ്രതികരിക്കാൻ തയ്യാറായില്ല. തലസ്ഥാനത്തെത്തിയ യുവതി
തുടർന്ന്, യുവാവിനെ നേരിൽ കണ്ട് കാര്യങ്ങൾ സംസാരിക്കുന്നതിനായി യുവതി ഇന്നലെ തലസ്ഥാനത്ത് എത്തിച്ചേർന്നു.
കഠിനംകുളത്തെ യുവാവിന്റെ വീട്ടിൽ നേരിട്ടെത്തിയെങ്കിലും അവിടെയുണ്ടായിരുന്നവർ യുവതിയെ കാണാൻ അനുവദിച്ചില്ല. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
ഇന്ന് വൈകിട്ടോടെയാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഹോട്ടൽ അധികൃതരാണ് യുവതിയെ കണ്ടെത്തി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം, യുവതി വീട്ടിലെത്തിയ സംഭവത്തിന് പിന്നാലെ യുവാവിന്റെ ഭാര്യ ഇന്നലെ കഠിനംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

