മറ്റു രാജ്യങ്ങൾ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുമ്പോൾ ഉപരോധം ഏർപ്പെടുത്തുന്ന അമേരിക്ക, നിലപാട് മയപ്പെടുത്തി റഷ്യയുമായി ഡീസൽ വ്യാപാരത്തിന് വഴിതുറന്നിരിക്കുകയാണ്. അമേരിക്കൻ വിപണി ഉൾപ്പെടെയുള്ള ആഗോള വിപണിയിലേക്ക് ആദ്യഘട്ടത്തിൽ 3 ലക്ഷം ടണ്ണും, തുടർന്ന് അടുത്ത മാസം 5 ലക്ഷം ടണ്ണും ഡീസൽ എത്തിക്കാനാണ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അനുമതി നൽകിയിരിക്കുന്നത്.
റിഫൈനറികളുടെ ഉത്പാദനക്ഷമത വിലയിരുത്തി പിന്നീട് ഇത് ഘട്ടങ്ങളായി 10 ലക്ഷം ടണ്ണായും, തുടർന്ന് 30 ലക്ഷം ടണ്ണായും കയറ്റുമതി ഉയർത്തുമെന്നാണ് സൂചന. ഇതിനുപുറമേ, റഷ്യയുടെ ഡീസൽ കയറ്റുമതിക്ക് മേൽ നിലവിലുള്ള ഉപരോധ നടപടികൾ അടുത്ത ആറു മാസത്തേക്ക് മരവിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.
ആഗോള വിപണിയുടെ വ്യാപ്തി വെച്ചുനോക്കുമ്പോൾ ഈ അളവ് താരതമ്യേന കുറവാണെങ്കിലും, ഡീസൽ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുത്താൻ റഷ്യയെ ഇത് സഹായിക്കുമെന്നും അതിനാൽ ട്രംപ് റഷ്യയ്ക്ക് നൽകുന്ന സമ്മാനമായാണ് ഇതിനെ കാണുന്നതെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രതികരിച്ചു. അമേരിക്കൻ കോൺഗ്രസിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തെ ഊർജ വില പിടിച്ചുനിർത്തുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
യുക്രെയ്ൻ സംഘർഷവും ഇറാനുമായുള്ള യുദ്ധസാഹചര്യവും കാരണം ഇന്ധനവില കുത്തനെ ഉയർന്നത് അമേരിക്കയിലെ കാർഷിക മേഖലയെ ഗുരുതരമായി ബാധിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിയുംവരെ ഇറാനെതിരെയുള്ള സൈനിക നടപടികൾ നിർത്തിവെക്കുന്നതായി ഡോണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
റഷ്യൻ റിഫൈനറികൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ നടത്തരുതെന്ന യുഎസിന്റെ നിർദ്ദേശം യുക്രെയ്ൻ പാലിക്കാത്തതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യുക്രെയ്ൻ പ്രതിനിധികളുമായി യുഎസ് ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തുന്നതിനിടയിലാണ് ഈ നിർണ്ണായക പ്രഖ്യാപനം പുറത്തുവന്നത്.
വരും ദിവസങ്ങളിൽ മോസ്കോയിലും സമാനമായ ചർച്ചകൾ നടക്കാനിരിക്കുന്നുണ്ട്. യുക്രെയ്ൻ യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള സമാധാന ചർച്ചകളുടെ ഭാഗമാണ് ഈ ഡീസൽ ഇടപാടെന്നാണ് കരുതപ്പെടുന്നത്.
നാറ്റോയിൽ അംഗത്വം വേണമെന്ന യുക്രെയ്നിന്റെ ആവശ്യം തള്ളി, പകരം യൂറോപ്യൻ യൂണിയനിൽ അംഗത്വം നൽകുന്നതിനുള്ള സാധ്യതകളാണ് നിലവിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ ഈ നിർദ്ദേശം യുക്രെയ്നും മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളും അംഗീകരിക്കുമോ എന്ന കാര്യം വ്യക്തമല്ല.
അമേരിക്കയുടെ ഈ പുതിയ ഡീസൽ പ്രഖ്യാപനം ഇന്ത്യ ഉൾപ്പെടെയുള്ള റഷ്യൻ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. റഷ്യയുമായി സാമ്പത്തിക ബന്ധം പുലർത്തുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച പാസാക്കിയ ലിൻഡ്സേ ഗ്രഹാം നിയമത്തിന് വിരുദ്ധമാണ് ഈ പുതിയ നടപടിയെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

