തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലെ റിയാദ്, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു. യാത്രാപ്രേമികളുടെയും പ്രവാസികളുടെയും ഏറെക്കാലമായുള്ള ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.
വരുംമാസം 27-ാം തീയതി മുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾക്കാണ് ഔദ്യോഗികമായി തുടക്കമാകുന്നത്. ഇതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിങ് നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
പുതിയ ഷെഡ്യൂൾ പ്രകാരം ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് റിയാദ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ദമ്മാമിലേക്ക് നിലവിലുള്ള പ്രതിദിന സർവീസുകൾക്ക് പുറമേയാണ് റിയാദിലേക്കുള്ള പുതിയ കണക്റ്റിവിറ്റി യാഥാർത്ഥ്യമാകുന്നത്.
സൗദി അറേബ്യയിൽ ജോലി ചെയ്തുവരുന്ന തെക്കൻ കേരളത്തിലെയും അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെയും പ്രവാസികൾക്ക് ഈ സർവീസ് വലിയ തോതിൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമാകുന്നതോടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാനും യാത്ര കൂടുതൽ സുഗമമാക്കാനും സാധിക്കും.
അതേസമയം, ബഹ്റൈനിലേക്കുള്ള പുതിയ വിമാന സർവീസുകൾ വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. നിലവിൽ ഗൾഫ് എയർ ഈ റൂട്ടിൽ ദിവസേന സർവീസുകൾ നടത്തിവരുന്നുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് കൂടി പുതിയ സർവീസുകളുമായി എത്തുന്നതോടെ തിരുവനന്തപുരം–ബഹ്റൈൻ റൂട്ടിൽ യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ സാധിക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

