ആറന്മുള ∙ പമ്പയാറ്റിൽ മറ്റൊരു ഉത്തൃട്ടാതി ജലോത്സവം കൂടി സമാപിക്കുമ്പോൾ, പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ആഗോളതലത്തിലുള്ള സാംസ്കാരിക, സാമ്പത്തിക സാധ്യതകളും പൂർണ്ണമായി ഉപയോഗപ്പെടുത്തണമെന്ന ശക്തമായ ആവശ്യം ഉയരുന്നുവരുന്നു. ഈ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും പ്രശസ്തമായ വള്ളംകളിയും ലോകരാഷ്ട്രങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് ജലോത്സവം വീക്ഷിക്കാനെത്തിയ ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ബിസിനസ് കൺസൽറ്റന്റ് ഷിജു മാത്യൂസ് വ്യക്തമാക്കുന്നു.
അടുത്ത വർഷം പത്തായിരത്തോളം പേരുടെ പങ്കാളിത്തവും സന്ദർശനവും ഉറപ്പാക്കിക്കൊണ്ട് ഇതൊരു വലിയ രാജ്യാന്തര സാംസ്കാരിക വേദിയാക്കി മാറ്റാൻ സാധിക്കുമെന്നാണ് ആറന്മുളയിൽ ജനിച്ച് വളർന്ന അദ്ദേഹത്തിന്റെ വിലയിരുത്തൽ. കേവലം ഒരു കായിക മത്സരം എന്നതിലുപരി, ജനങ്ങളും പമ്പാനദിയും ക്ഷേത്രവും പള്ളിയോടങ്ങളും പരമ്പരാഗത ഭക്ഷണക്രമവും സംഗീതവും കരകൗശല വസ്തുക്കളും ആത്മീയതയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ മനോഹരമായ കാഴ്ച്ചയാണ് ആറന്മുള വള്ളംകളിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഈ ബഹുമുഖ സാധ്യതകളാണ് നാം പ്രധാനമായും പ്രയോജനപ്പെടുത്തേണ്ടത്. തന്റെ ബാല്യകാലവുമായി താരതമ്യം ചെയ്യുമ്പോൾ ജലോത്സവത്തിനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻതോതിലുള്ള വർദ്ധനവ് ഇതുവരെയും ഉണ്ടായിട്ടില്ല.
കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത് ടിക്കറ്റ് വിൽപനയിലും അതുവഴിയുള്ള പരസ്യ വരുമാനത്തിലും വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ഒപ്പം പ്രദേശത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
രാജ്യാന്തര നിലവാരത്തിലുള്ള പദ്ധതികൾ വലിയ സർക്കാർ പദ്ധതികളായി മാത്രം നടപ്പിലാക്കണമെന്നില്ലെന്നും, മറിച്ച് ജനങ്ങളും സമൂഹങ്ങളും സംരംഭകരും വിവിധ സ്ഥാപനങ്ങളും ഒറ്റക്കെട്ടായി ഒത്തുകൂടുന്നതിലൂടെയും ഇത്തരം ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

