ദില്ലിയിൽ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയ ഇടതുപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെ കടന്നുവന്നവരാണ് എം എ ബേബിയും പിണറായി വിജയനുമെന്നും ലാത്തിയും കുന്തവും കാട്ടി പേടിപ്പിച്ചാൽ അതൊന്നും വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലനിൽക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കുറ്റപ്പെടുത്തിയ മുഹമ്മദ് റിയാസ്, ഇന്ത്യയുടെ മുക്കും മൂലയും ജന്തർമന്ദറായി മാറുമെന്നും കൂട്ടിച്ചേർത്തു.
ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നത് ജനാധിപത്യ വിശ്വാസികളുടെ ശക്തമായ ആവശ്യമാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. അതിനിടെ, ദില്ലിയിൽ കസ്റ്റഡിയിലെടുത്ത ഇടതു നേതാക്കളെ മൂന്ന് മണിക്കൂർ പിന്നിട്ടിട്ടും കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
നഗരം ചുറ്റിച്ച് ആദ്യം ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും, തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയാണെന്നും എവിടേക്കെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചിട്ടും പൊലീസ് അത് മുഖവിലക്കെടുക്കാൻ തയ്യാറാകുന്നില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

