സ്വർണവില പ്രതികൂല സാഹചര്യത്തിനിടയിലും നേട്ടത്തിന്റെ പാതയിൽ. ക്രൂഡ് ഓയിൽ വില 3 വർഷത്തെ ഉയരത്തിലേക്ക് കത്തിക്കയറുകയും ഡോളർ മുന്നേറുകയും രൂപ തരിപ്പണമാവുകയും ചെയ്തിട്ടും രാജ്യാന്തര വിപണിയിലും കേരളത്തിലും സ്വർണവില ഉയർന്നു.
കേരളത്തിൽ ഇന്നു രാവിലെ വില ഗ്രാമിന് 20 രൂപ വർധിച്ച് 13,810 രൂപയായി.
പവൻവില 160 രൂപ ഉയർന്ന് 1,10,480 രൂപ. യുഎസ്-ഇറാൻ ഭിന്നത പഴയതിനേക്കാൾ വഷളാകുന്നതിനാൽ യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 2.89% ഉയർന്ന് 110 ഡോളറിലെത്തി.
ബ്രെന്റ് ക്രൂഡ് വില കുതിച്ചത് 126.1 ഡോളറിലേക്ക്; 6.84 ശതമാനമാണ് മുന്നേറ്റം. യുഎസ് ഡോളർ ഇൻഡക്സ് 0.10% ഉയർന്ന് 99.06ൽ എത്തി.
ഇന്ത്യൻ രൂപ ഡോളറിനെതിരെ 95ന് താഴേക്ക് മൂക്കുകുത്തി. 17 പൈസ ഇടിഞ്ഞ് 95.02ലാണ് രാവിലെയുള്ളത്.
രൂപ 95ലേക്ക് ഇടിയുന്നത് ഇക്കഴിഞ്ഞ മാർച്ച് 30ന് ശേഷം ആദ്യം.
സാഹചര്യം നെഗറ്റീവ്, എന്നിട്ടും വില കൂടി
പ്രതികൂല സാഹചര്യത്തിൽ സ്വർണവില ഇടിയേണ്ടതാണെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് മുതലെടുത്തുള്ള വാങ്ങൽതാൽപ്പര്യം (ഡിപ് ബയിങ്) ഉള്ളതാണ് വിലയെ മുന്നോട്ട് നയിക്കുന്നത്. രാജ്യാന്തര വിപണിയിൽ നേരിയ വർധനയേയുള്ളൂ.
ഔൺസിന് വില 4521 ഡോളറിൽ നിന്ന് 4542 ഡോളറിൽ എത്തി. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ചതും സ്വർണത്തിന് തിരിച്ചടിയാണ്.
ഈ ‘നെഗറ്റീവ്’ ഘടകങ്ങളാണ് സ്വർണവിലയുടെ കുതിപ്പിന് തടയിടുന്നത്.
പവൻ ഒന്നേമുക്കാൽ ലക്ഷം കടക്കും
രാജ്യാന്തര സ്വർണവില 5 വർഷത്തിനകം 8000 ഡോളറിൽ എത്തുമെന്ന പ്രവചനവുമായി പ്രമുഖ ജർമൻ ബാങ്കായ ഡോയിച് രംഗത്തുവന്നു. 2022ലെ 1500 ഡോളറിൽ നിന്ന് വെറും 4 വർഷത്തിനകം 3000 ഡോളറിലേറെ വർധിച്ച് വില 4500ന് മുകളിലെത്തിയിരുന്നു.
ഒരുവേള 5000വും ഭേദിച്ചു. 200 ശതമാനത്തിലേറെയാണ് മുന്നേറ്റം.
ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ വിദേശനാണയ ശേഖരത്തിലേക്ക് വലിയതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് വിലക്കുതിപ്പിന് വഴിയൊരുക്കും.
വിദേശനാണയ ശേഖരത്തിലേക്ക് ഡോളർ വാങ്ങിനിറയ്ക്കുന്നത് കുറച്ച പല കേന്ദ്രബാങ്കുകളും സ്വർണമാണ് പകരം വാങ്ങുന്നത്. ഡോളറിന്റെ വിഹിതം ഇക്കാര്യത്തിൽ ആഗോളതലത്തിൽ 60 ശതമാനത്തിൽ നിന്ന് 40 ശതമാനമായെന്നും ഡോയിച് ബാങ്ക് പറയുന്നു.
രാജ്യാന്തര വില 8000 ഡോളർ തൊട്ടാൽ കേരളത്തിൽ പവൻവില നികുതി, പണിക്കൂലി എന്നിവ കൂടാതെ തന്നെ 1.75 ലക്ഷം രൂപ കടന്നേക്കും.
പണിക്കൂലിയും നികുതിയും മറ്റും ചേരുമ്പോൾ വില 2 ലക്ഷത്തിന് അടുത്തുമെത്തും.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 15 രൂപ ഉയർന്ന് 11,405 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 250 രൂപയായി.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണം ഗ്രാമിന് നൽകിയ വില 15 രൂപ ഉയർന്ന് 11,350 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് ഗ്രാമിന് 250 രൂപ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

