കൊച്ചി ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറൽ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2025-26) അവസാനപാദമായ ജനുവരി-മാർച്ചിൽ 22% വളർച്ചയോടെ 1259.10 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിലെ ലാഭം 1030.2 കോടിയായിരുന്നു.
കഴിഞ്ഞവർഷത്തെ മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിലെ 1041 കോടി രൂപയേക്കാൾ 21% വർധനയും കഴിഞ്ഞപാദ ലാഭത്തിലുണ്ട്.
ബാങ്കിന്റെ മൊത്തം ബിസിനസ് പാദാടിസ്ഥാനത്തിൽ 4.54% ഉയർന്ന് 5.78 ലക്ഷം കോടി രൂപയിലെത്തി. മൊത്തം വായ്പകൾ 3.65% ഉയർന്ന് 2.68 ലക്ഷം കോടി രൂപയും മൊത്തം നിക്ഷേപം 5.41% വർധിച്ച് 3.13 ലക്ഷം കോടി രൂപയുമാണ്.
റീട്ടെയ്ൽ, ഗോൾഡ് ലോൺ, മൈക്രോ ലോൺ തുടങ്ങിയവയിലെല്ലാം മികച്ച വളർച്ചയുണ്ട്. എൻആർഇ, എൻആർ നിക്ഷേപവും കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപവും ചരിത്രത്തിൽ ആദ്യമായി ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു.
പ്രവർത്തനമികവിന്റെ അളവുകോലുകളിലൊന്നായ അറ്റ പലിശ വരുമാനം (എൻഐഐ) വാർഷികാടിസ്ഥാനത്തിൽ 2377 കോടി രൂപയിൽ നിന്നുയർന്ന് 3173 കോടി രൂപയായി.
അറ്റ പലിശ മാർജിൻ (എൻഐഎം) 3.12 ശതമാനത്തിൽ നിന്ന് 3.74 ശതമാനത്തിലുമെത്തി. കാസ അനുപാതം 2.71% മുന്നേറി 32.94 ശതമാനമായി.
പ്രവർത്തനലാഭം 1465 കോടി രൂപയിൽ നിന്ന് 2276 കോടിയായി മെച്ചപ്പെട്ടു.
കിട്ടാക്കടനിരക്ക് അഥവാ മൊത്തം നിഷ്ക്രിയ ആസ്തി അനുപാതം (ജിഎൻപിഎ) 1.84 ശതമാനത്തിൽ നിന്ന് 1.62 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 0.44ൽ നിന്ന് 0.20 ശതമാനത്തിലേക്കും കുറഞ്ഞത് ശ്രദ്ധേയനേട്ടമാണ്. മൂലധന പര്യാപ്തതാ അനുപാതം (സിആർഎആർ) വാർഷികാടിസ്ഥാനത്തിൽ 16.40 ശതമാനത്തിൽ നിന്ന് 17.25 ശതമാനത്തിലെത്തി.
പശ്ചിമേഷ്യയിലെ സംഘർഷം പ്രവാസിപ്പണമൊഴുക്കിനെ ബാധിച്ചിട്ടില്ലെന്നും മറിച്ച് പണമൊഴുക്ക് വർധിച്ചുവെന്നും ഫെഡറൽ ബാങ്ക് മാനേജിഡ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ്.
മണിയൻ പറഞ്ഞു. സംഘർഷങ്ങൾക്ക് അയവുവന്നാലും പ്രവാസിപ്പണമൊഴുക്ക് വർധിക്കുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ ഏറ്റവുമധികം പ്രവാസിപ്പണം (എൻആർഐ) റമിറ്റൻസ് എത്തുന്ന ബാങ്കുകളിലൊന്നാണ് ഫെഡറൽ ബാങ്ക്. 19.72 ശതമാനമാണ് ഈയിനത്തിൽ ഫെഡറൽ ബാങ്കിന്റെ വിപണിവിഹിതം.
ജനുവരി-മാർച്ച് പാദത്തിൽ ബാങ്ക് 39 പുതിയ ശാഖകൾ തുറന്നിരുന്നു.
വളർച്ചാസാധ്യത കണക്കിലെടുത്ത് ശാഖകളുടെ പുനഃക്രമീകരണം നടത്തുകയാണ് ഫെഡറൽ ബാങ്ക്. ഇതുവഴി ജീവനക്കാരുടെ എണ്ണം കുറയില്ലെന്ന് കെ.വി.എസ്.
മണിയൻ പറഞ്ഞു. അതേസമയം, ഫെഡറൽ ബാങ്ക് ഓഹരികൾ ഇന്ന് എൻഎസ്ഇയിൽ വ്യാപാരാന്ത്യത്തിലുള്ളത് 2.34% താഴ്ന്ന് 283.80 രൂപയിലാണ്.
69,973 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ ഓഹരിനിക്ഷേപകർക്ക് 40 ശതമാനത്തിനടുത്ത് നേട്ടം (റിട്ടേൺ) നൽകിയിട്ടുണ്ട്. കഴിഞ്ഞ 3 വർഷത്തെ നേട്ടം 110 ശതമാനവും 5 വർഷത്തെ നേട്ടം 265 ശതമാനവുമാണ്.
കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിലൊന്നാണ് ഫെഡറൽ ബാങ്ക്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

