സംസ്ഥാന ബജറ്റിൽ ശമ്പള പരിഷ്ക്കരണം പ്രഖ്യാപിക്കാത്തതിൽ ജീവനക്കാർക്ക് നിരാശ. ഉദ്യോഗസ്ഥ സമിതി തയാറാക്കിയ ഫോർമുല ഉപയോഗിച്ച് ശമ്പള വർധന നടപ്പിലാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതിന് വിരുദ്ധമായി 12–ാം ശമ്പള പരിഷ്കരണ കമ്മിഷൻ രൂപീകരിക്കുമെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം.
മൂന്ന് മാസങ്ങൾ കൊണ്ട് റിപ്പോർട്ട് സമർപ്പിച്ച് സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ഈ കാലയളവിനുള്ളിൽ കമ്മിഷന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ പറയുന്നു. മുന്‍കാല ചരിത്രം പരിശോധിച്ചാൽ കമ്മിഷനുകൾക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കുറഞ്ഞത് ഒന്നര വർഷമെങ്കിലും വേണ്ടിവരും.
ഇതോടെ ഈ സർക്കാരിന്റെ കാലത്ത് ശമ്പളം കൂടുമെന്ന പ്രതീക്ഷ നഷ്ടമായെന്നും സംഘടന പ്രതിനിധികൾ പറയുന്നു.
പ്രതീക്ഷ ഇങ്ങനെ
കഴിഞ്ഞ തവണ അടിസ്ഥാന ശമ്പളത്തിന്റെ 1.37 മടങ്ങ് അടിസ്ഥാനമാക്കിയാണ് വർധന നടപ്പിലാക്കിയത്. 27 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്മെന്റ് ബെനിഫ്റ്റും ചേർത്ത് ശമ്പളത്തിൽ 37 ശതമാനം വർധനയുണ്ടായി.
ഇത്തവണ 31 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്മെന്റ് ബെനിഫിറ്റും ചേർന്ന് 41 ശതമാനം വർധനയാണ് ജീവനക്കാർ പ്രതീക്ഷിച്ചിരുന്നത്. നിലവിലെ അടിസ്ഥാന ശമ്പളത്തെ 1.41 കൊണ്ട് ഗുണിക്കുന്ന തുക പുതിയ അടിസ്ഥാന ശമ്പളമാകുമെന്നായിരുന്നു പ്രതീക്ഷ.
ഇതിനുള്ള ശുപാർശ ഉദ്യോഗസ്ഥ സമിതി സർക്കാരിന് സമർപ്പിച്ചതായും വിവരങ്ങളുണ്ടായിരുന്നു.
തട്ടിപ്പെന്ന് പ്രതിപക്ഷ സംഘടനകള്‍
അതേസമയം, ബജറ്റിലെ പ്രഖ്യാപനങ്ങൾ തട്ടിപ്പാണെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എസ്.അജിത് കുമാർ
പറഞ്ഞു. ശമ്പളം കൂടുമെന്ന് ജീവനക്കാര്‍ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും സര്‍ക്കാർ വീണ്ടും നിരാശപ്പെടുത്തി.
2024 ജൂലൈയിൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്ക്കാരത്തിന് കമ്മിഷനെ നിയമിക്കാൻ തന്നെ സർക്കാർ ഇത്രയും വൈകി.
ഇനി ദിവസങ്ങൾ മാത്രമാണ് നിലവിലെ സർക്കാരിന്റെ കാലാവധി. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ശമ്പള വർധന നടപ്പിലാക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്.
നിലവിലെ അവസ്ഥയിൽ എൽഡി ക്ലാർക്ക് തസ്തികയിലുള്ള ഒരു ജീവനക്കാരന് ശരാശരി 4,000 രൂപയെങ്കിലും ശമ്പളത്തിൽ കുറവാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

