കേരളത്തിൽ സ്വർണവിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന തരത്തിൽ സംസ്ഥാനത്ത് ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,215 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
പവന് 1240 രൂപ കുറഞ്ഞ് 1,05,720 രൂപയായും വില താഴ്ന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് 1120 രൂപ വർധിച്ചതിന് പിന്നാലെയാണ് ഈ വിലയിടിവ് എന്നത് ശ്രദ്ധേയമാണ്.
രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ വിപണിയിലും നേരിട്ട് പ്രതിഫലിച്ചത്. യുഎസ് ഫെഡറൽ റിസർവിന്റെ പണനയ യോഗം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകർ ലാഭമെടുപ്പ് ശക്തമാക്കിയതാണ് സ്വർണവില ഇടിയാൻ പ്രധാന കാരണം.
നിലവിലെ യോഗത്തിൽ അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലെങ്കിലും, വിപണിയിൽ മറ്റ് ഇടപെടലുകൾ ഉണ്ടാകാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുന്നില്ല. ഫെഡ് ചെയർമാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുുയായിയുമായ കെവിൻ വാർഷ് നടത്തുന്ന പ്രസ്താവനകളും വിപണിയിലെ നിരീക്ഷണങ്ങളും അതുകൊണ്ടുതന്നെ നിർണായകമാകും.
അടുത്ത ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന ജിഡിപി, പണപ്പെരുപ്പ കണക്കുകൾക്കായുള്ള കാത്തിരിപ്പിലാണ് നിക്ഷേപകർ. അടിസ്ഥാന പലിശ നിരക്കുകളുടെ ഭാവി സംബന്ധിച്ച് വ്യക്തത ലഭിക്കാൻ ഈ കണക്കുകൾ സഹായിക്കും.
പലിശ നിരക്ക് ഉയർത്തുകയാണെങ്കിൽ നിക്ഷേപകർ ഉയർന്ന ആദായം ലഭിക്കുന്ന സർക്കാർ ബോണ്ടുകളിലേക്ക് ശ്രദ്ധ തിരിക്കുകയും, അതുവഴി സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും ചെയ്യും. ഇറാൻ-യുഎസ് സംഘർഷാവസ്ഥയ്ക്ക് താൽക്കാലികമായി അയവുവന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
യുദ്ധ സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങി സൂക്ഷിക്കുന്ന പ്രവണതയ്ക്ക് ഇതോടെ കുറവുണ്ടായി. ഇന്നലെ വിപണിയിലെ കയറ്റിറക്കങ്ങൾക്ക് ശേഷം 4076.60 ഡോളർ നിരക്കിലാണ് സ്വർണം വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് ഔൺസിന് 4088 ഡോളർ വരെ ഉയർന്നെങ്കിലും, ലാഭമെടുപ്പ് ശക്തമായതിനെ തുടർന്ന് 4041 ഡോളറിലേക്ക് താഴ്ന്നു. പിന്നീട് ചെറിയ തോതിൽ നില മെച്ചപ്പെടുത്തി 4049 ഡോളർ എന്ന നിലയിലാണ് സ്വർണവില തുടരുന്നത്.
ഫെഡ് റിസർവ് പലിശ വർധിപ്പിക്കാൻ തീരുമാനിച്ചാൽ വില ഇനിയും ഇടിയാൻ സാധ്യതയുണ്ട്. പുതിയ നിരക്കുകൾ പ്രകാരം കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ പത്തുശതമാനം പണിക്കൂലിയും നികുതികളും ഹോൾമാർക്കിങ് ചാർജുകളും ഉൾപ്പെടെ 1.2 ലക്ഷം രൂപയിൽ താഴെ നൽകിയാൽ മതിയാകും.
സംസ്ഥാനത്ത് ആഭരണങ്ങളുടെ ഡിസൈൻ അടിസ്ഥാനമാക്കി മൂന്നു മുതൽ മുപ്പതു ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. ഇതിനുപുറമേ മൂന്നു ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും ബാധകമാണ്.
ഇന്നത്തെ വിപണി മാറ്റങ്ങളുടെ ഭാഗമായി, പുതിയ തലമുറയിൽ ട്രെൻഡായ കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 130 രൂപ കുറഞ്ഞ് 10,855 രൂപയിലെത്തി. കൂടാതെ, കേരളത്തിൽ വെള്ളിയുടെ വ്യാപാരം ഗ്രാമിന് 235 രൂപ നിരക്കിലാണ് നടക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

