സഹകരണ രംഗത്തെ പ്രമുഖ വ്യക്തിത്വവും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അധ്യക്ഷനുമായ രമേശൻ പാലേരി (65) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
സൊസൈറ്റിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. 1995 മുതൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
സഹകരണ പ്രസ്ഥാനത്തിന് നൽകിയ സമഗ്ര സംഭാവനകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അന്തരിച്ച രമേശൻ പാലേരി. സഹകരണ മേഖലയുമായി ദീർഘകാലത്തെ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ വരുന്നത്.
സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന പാലേരി ചന്തമ്മൻ അദ്ദേഹത്തിന്റെ മുത്തച്ഛനാണ്. കൂടാതെ, 32 വർഷത്തോളം സൊസൈറ്റിയെ വിജയകരമായി നയിച്ച പാലേരി കണാരൻ അദ്ദേഹത്തിന്റെ പിതാവുമാണ്.
കോഴിക്കോട് ജില്ലയിലെ പ്രമുഖ വ്യക്തിത്വത്തിന്റെ വേർപാടിൽ സഹകരണ-സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

