രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വർണവില ഇന്ന് വർധിച്ചു. ഗ്രാമിന് 50 രൂപ വർധിച്ച് 14,810 രൂപയിലെത്തി.
പവൻ വില 400 രൂപ കയറി 1,18,480 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവൻ വില 640 രൂപ കുറഞ്ഞിരുന്നു.
ഇറാൻ – യുഎസ് മൂന്നാം ഘട്ട സമാധാന ചർച്ചകൾ സമവായത്തിൽ എത്താത്തതും ഡോളർ സൂചിക ഇടിഞ്ഞതുമാണ് വില വർധിക്കാനുള്ള പ്രധാന കാരണം.
കാര്യമായ പുരോഗതിയുണ്ടെന്ന് മധ്യസ്ഥത വഹിച്ച ഇറാൻ പറയുന്നുണ്ടെങ്കിലും യുഎസ് – ഇറാൻ സമാധാന ചർച്ച തീരുമാനമെടുക്കാതെ പിരിഞ്ഞതിൽ നിക്ഷേപകർ ആശങ്കയിലാണ്.
മേഖലയിൽ ഇറാനും യുഎസും യുദ്ധസമാനമായ സേനാ വിന്യാസം നടത്തുന്നുണ്ട്. ഇരുവിഭാഗവും ചർച്ച തുടരാമെന്ന് നിലപാടെടുത്തത് മാത്രമാണ് ആശ്വാസം.
ആണവ പരീക്ഷണങ്ങളും മിസൈൽ ഗവേഷണവും അവസാനിപ്പിക്കണമെന്ന ആവശ്യത്തിലാണ് ചർച്ചകൾ വഴിമുട്ടുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കാനാണ് യുഎസിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നവരുടെ എണ്ണവും കൂടി.
പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ മൂല്യം അളക്കുന്ന ഡോളർ സൂചിക താഴ്ന്നതും സ്വർണ വില കയറ്റി. ഡോളറിന്റെ വിനിമയ നിരക്ക് കുറയുന്നത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് എളുപ്പമാക്കും.
ഇത് ഡിമാൻഡും കൂട്ടും. യുഎസിലെ തൊഴിൽ കണക്കുകൾ പുറത്തു വന്നത് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇക്കൊല്ലം 25 ബേസിസ് പോയിന്റെങ്കിലും പലിശ കുറയ്ക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഇതും വില കയറാനുള്ള കാരണങ്ങളാണ്.
വില 6,300 ലേക്ക്
ഔൺസിന് 5,200 ഡോളറിന് അടുത്തുള്ള രാജ്യാന്തര വിപണിയിലെ സ്വർണവില ഇക്കൊല്ലം 22 ശതമാനത്തോളം വർധിച്ച് 6,300 ഡോളറിലെത്തുമെന്നാണ് സാമ്പത്തിക സ്ഥാപനമായ ജെപി മോർഗൻ പ്രവചനം.
ഇക്കൊല്ലം വില 20 ശതമാനത്തോളം വർധിച്ചെന്നാണ് കണക്ക്. കേന്ദ്ര ബാങ്കുകളും നിക്ഷേപകരും വാങ്ങൽ തുടരുന്നത് സ്വർണ ഡിമാൻഡ് ഉയർത്തുമെന്നും പ്രവചനത്തിൽ പറയുന്നു.
രാജ്യാന്തര വിപണിയിൽ ഇന്നലെ 5,185 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് 5,200 ഡോളറിലേക്ക് കയറിയെങ്കിലും പിന്നീട് താഴ്ന്നു. നിലവിൽ 5,185 ഡോളറെന്ന നിലയിലാണ് വിൽപന.
കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വർധിച്ച് 12,130 രൂപയിലെത്തി.
ഗ്രാമിന് 285 രൂപയിലാണ് ഇന്നത്തെ വെള്ളി വ്യാപാരം. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 12,165 രൂപയിലും വിൽക്കുന്നുണ്ട്.
ഇന്നത്തെ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലി സഹിതം 1,34,300 രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് മൂന്നു മുതൽ മുപ്പതു ശതമാനം വരെയാണ് സാധാരണ പണിക്കൂലി ഈടാക്കുന്നത്.
ഇത് വിലയിലും പ്രതിഫലിക്കും. ഇതിന് പുറമെ മൂന്ന് ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജുകളും നൽകേണ്ടി വരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

