പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളുടെ പേരുകൾ ദുരുപയോഗം ചെയ്ത് രജിസ്റ്റർഡ് തപാൽ വഴി വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാകുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ആകർഷകമായ സ്ക്രാച്ച് കാർഡുകൾ ഉൾപ്പെടുത്തിയാണ് ഉപഭോക്താക്കളുടെ വിലാസത്തിലേക്ക് തട്ടിപ്പുകാർ കത്തുകൾ അയക്കുന്നത്.
ഈ കാർഡുകൾ സ്ക്രാച്ച് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് വലിയ തുക സമ്മാനമായി ലഭിച്ചതായി കാണിക്കുകയാണ് ആദ്യ ഘട്ടം. തുടർന്ന് ഈ തുക കൈപ്പറ്റുന്നതിനായി കത്തിലുള്ള ഹെൽപ്ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.
കമ്പനി പ്രതിനിധികളെന്ന വ്യാജേനയാണ് ഇവർ ഫോണിൽ സംസാരിക്കുന്നത്. സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതിന് മുൻപായി പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ ചാർജ്, ഇൻകം ടാക്സ് തുടങ്ങിയ വിവിധ പേരുകളിൽ മുൻകൂറായി പണം ആവശ്യപ്പെടുകയാണ് പതിവ്.
തട്ടിപ്പിൽ ഇരയാകുന്നവർക്ക് പൂർണ്ണ വിശ്വാസ്യത വരുത്തുന്നതിനായി വ്യാജമായി നിർമ്മിച്ച ഇൻകം ടാക്സ് രേഖകളും വ്യാജ ഔദ്യോഗിക മുദ്രകളും ഇവർ വാട്സാപ്പ് വഴി അയച്ചുനൽകും. എന്നാൽ തട്ടിപ്പുകാർ നിർദ്ദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് പണം കൈമാറിക്കഴിഞ്ഞാൽ പിന്നീട് ഇവരെയോഹോ ഓഫീസുകളെയോ ബന്ധപ്പെടാൻ സാധിക്കാതെ വരുന്നു.
സമ്മാനങ്ങളും സ്ക്രാച്ച് കാർഡുകളും വാഗ്ദാനം ചെയ്ത് മുൻകൂറായി പണം ആവശ്യപ്പെടുന്നത് സൈബർ തട്ടിപ്പിന്റെ വ്യക്തമായ ലക്ഷണമാണെന്ന് കേരള പോലീസ് കർശന മുന്നറിയിപ്പ് നൽകുന്നു. അപരിചിതമായ നമ്പറുകളിലേക്ക് വിളിക്കുകയോ, വാട്സാപ്പ് വഴി ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുത്.
ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിലോ ഔദ്യോഗിക പോർട്ടലായ www.cybercrime.gov.in വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

