സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വൈകിട്ട് കുറിച്ച ഗ്രാമിന് 14,120 രൂപയിലാണ് ഇന്നത്തെയും വിൽപന.
ഒരു പവൻ സ്വർണത്തിന് 1,12,960 രൂപയും നൽകണം. രാജ്യാന്തര വിപണിയിൽ ഇന്നും നാളെയും സ്വർണവ്യാപാരത്തിന് അവധിയാണ്.
ഇനി തിങ്കളാഴ്ച മാത്രമേ സ്വർണവിലയിൽ മാറ്റമുണ്ടാകൂ.
ഇറാനും യുഎസും തമ്മിൽ പാക്കിസ്ഥാനിൽ നടക്കുമെന്ന് കരുതുന്ന സമാധാന ചർച്ച ഏതുദിശയിലേക്ക് നീങ്ങുമെന്നാണ് നിലവിൽ നിക്ഷേപകർ ഉറ്റുനോക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരമാകുമെങ്കിൽ രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില കുറയും.
പിന്നാലെ ഡോളർ സൂചികയും താഴേക്കിറങ്ങും. ഇത് സ്വർണവില ഉയർത്തും.
മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് എളുപ്പമാവുന്നതും ഡിമാൻഡ് കൂടുന്നതുമാണ് സ്വർണവില ഉയർത്തുന്നത്. ഇന്നലെ രാവിലെ നഷ്ടത്തിലായിരുന്ന രാജ്യാന്തര സ്വർണവില സമാധാന ചർച്ചകളുടെ പ്രതീക്ഷയിൽ തിരികെ കയറിയിരുന്നു.
ഔൺസിന് 4,708 ഡോളർ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എന്നാൽ ചർച്ചയിലെ തീരുമാനങ്ങൾ മറിച്ചാണെങ്കിൽ സ്വർണവില ഇനിയും ഇടിയും. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സ്വർണവില ഉയരുന്നതാണ് പതിവെങ്കിലും ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് തിരിച്ചടി.
ഇന്ത്യയിലടക്കം ഓഹരി വിപണികൾ കൂടുതൽ നഷ്ടത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ പ്രഖ്യാപിച്ച ക്രിമിനൽ അന്വേഷണം യുഎസ് ജസ്റ്റിസ് വിഭാഗം റദ്ദാക്കിയിട്ടുണ്ട്.
ഇത് കേന്ദ്രബാങ്കിന്റെ അടിസ്ഥാന പലിശ തീരുമാനത്തെ എങ്ങനെ ബാധിക്കുമെന്നതും നിർണായകമാണ്. ഇക്കൊല്ലം പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന ലഭിച്ചാലും വില ഉയരും.
കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 11,660 രൂപയാണ്.
ചില ജ്വല്ലറികളിൽ ഗ്രാമിന് 11,605 രൂപയ്ക്കും വിൽക്കുന്നുണ്ട്. ഗ്രാമിന് 260 രൂപയാണ് വെള്ളി വില .
പുതുക്കിയ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1.28 ലക്ഷം രൂപയെങ്കിലും വേണ്ടി വരും.
ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് കേരളത്തിൽ മൂന്നു മുതൽ മുപ്പതു ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. ഇതിനു പുറമെ മൂന്നു ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും 18 ശതമാനം ജിഎസ്ടിയും ചേർത്ത് 53.5 രൂപയും നൽകണം.
ഇതെല്ലാം ചേർത്ത തുകയാണ് മുകളിൽ നൽകിയിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

