ക്രിസ്മസ് അവധിയുടെ ആലസ്യത്തിലേക്ക് കടക്കുംമുൻപേ റെക്കോർഡ് തകർത്തുള്ള മുന്നേറ്റത്തിൽ യുഎസ് ഓഹരികൾ. വഴിയൊരുക്കിയത് ജിഡിപിയുടെ അപ്രതീക്ഷിത മുന്നേറ്റവും ടെക് ഓഹരികളുടെ ബ്ലോക്ക്ബസ്റ്റർ പ്രകടനവും.
താരിഫ് കൂട്ടി സ്വന്തം രാജ്യത്ത് വിലക്കയറ്റവും അസ്വസ്ഥതയും സൃഷ്ടിച്ച പ്രസിഡന്റ് എന്ന വിമർശനം നേരിടുന്നതിനിടെ, ജിഡിപിയിലുണ്ടായ കുതിപ്പ് ട്രംപിന് ബംപർ ആശ്വാസവുമായി.
പ്രവചനങ്ങളെ പൊളിച്ച് വൻ വളർച്ച
ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ 4.3% ജിഡിപി വളർച്ചയാണ് അമേരിക്ക നേടിയത്. ഷട്ട്ഡൗണിനെ തുടർന്ന് ഏറെക്കാലമായി പിടിച്ചുവച്ചിരുന്ന റിപ്പോർട്ടാണ് യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടത്.
വൈകി വന്നെങ്കിലും ജിഡിപി റിപ്പോർട്ട് സമ്മാനിച്ചത് ‘സൂപ്പർ’ മധുരം. സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 3.2% വളർച്ചാ അനുമാനത്തെ ബഹുദൂരം കടത്തിവെട്ടിയുള്ള വളർച്ച.
എതിരാളികളുടെ വായടപ്പിക്കാൻ ട്രംപ്
ഉപഭോക്തൃ ചെലവ് (കൺസ്യൂമർ സ്പെൻഡിങ്) മുൻപാദത്തിലെ 2.5ൽ 3.5% വർധിച്ചതാണ് ജിഡിപിയുടെ മുന്നേറ്റത്തിന് സഹായിച്ചതെന്നത് ട്രംപിന് എതിരാളികൾക്കുമേൽ പ്രയോഗിക്കാനുള്ള ഗംഭീര വടിയാണ്.
താരിഫ് കൂട്ടിയതുവഴി അമേരിക്കയിൽ ഉൽപന്ന/സേവനങ്ങൾക്ക് വില കത്തിക്കയറിയെന്നും നിത്യോപയോഗ വസ്തുക്കൾ പോലും വാങ്ങാനാവാതെ അമേരിക്കക്കാർ അസ്വസ്ഥരായെന്നും കാട്ടി ട്രംപിനെതിരെ വിമർശകർ പഴികളുടെ അമ്പെയ്ത്ത് നടത്തിയിരുന്നു.
ട്രംപ് കരുത്തോടെ മുന്നോട്ട്
ആളുകൾ വലിയതോതിൽ സാധനങ്ങൾ വാങ്ങികൂട്ടിയതാണ് ജിഡിപി വളർച്ചയ്ക്ക് സഹായിച്ചതെന്നത് വിമർശനങ്ങളുടെ മുനയൊടിക്കും. അതേസമയം, അമേരിക്കയിലെ സാധാരണക്കാർ ഇപ്പോഴും പ്രതിസന്ധിയിലാണെന്നും വിലക്കയറ്റം മൈൻഡ് ചെയ്യാതെ അതിസമ്പന്നരാണ് ഈ സാധനങ്ങളൊക്കെ വാങ്ങിക്കൂട്ടുന്നതെന്നും വിമർശകർ പറയുന്നു.
എന്നിരുന്നാലും, ജിഡിപി പ്രതീക്ഷിച്ചതിലധികം വളർന്നത് ട്രംപിന് സ്വന്തം നിലപാടും നയങ്ങളുമായി മുന്നോട്ടുതന്നെ പോകാനുള്ള കരുത്താണ്. ട്രംപ് സർക്കാർ മൂലധന ചെലവുകൾ കൂട്ടിയതും ജിഡിപി വളർച്ച മെച്ചപ്പെടാനുള്ളൊരു ഘടകമാണ്.
പറപറന്ന് ഓഹരികൾ
ജിഡിപി കണക്കും യുഎസ്-ചൈന എഐ ചിപ്പ് വ്യാപാരം പുനരാരംഭിക്കാനുള്ള നീക്കങ്ങളും ഓഹരി വിപണിക്ക് വൻ ഉത്തേജകമായി.
എൻവിഡിയ (+3%), ബ്രോഡ്കോം (+2%) എന്നിവയുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഓഹരി സൂചികകൾ പുതിയ ഉയരംതൊട്ടു. എസ് ആൻഡ് പി500 സൂചിക 0.46% ഉയർന്ന് റെക്കോർഡ് 6,909.79ൽ എത്തി.
നാസ്ഡാക് 0.57%, ഡൗ ജോൺസ് 0.16% എന്നിങ്ങനെയും ഉയർന്നു.
∙ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ, എസ് ആൻഡ് പി എന്നിവ 0.05% നഷ്ടം കുറിച്ചു. 0.02 ശതമാനമാണ് നാസ്ഡാക്കിന്റെ നഷ്ടം.
∙ ഏഷ്യൻ, യൂറോപ്യൻ വിപണികളെല്ലാം പച്ചപുതച്ചു നിൽപ്പാണ്.
ജാപ്പനീസ് നിക്കേയ് 0.24%, ഹോങ്കോങ് 0.15%, എഫ്ടിഎസ്ഇ 0.24%, ഡാക്സ് 0.23% എന്നിങ്ങനെ ഉയർന്നു. ചൈനയിൽ ഷാങ്ഹായ് 0.15% നഷ്ടം നേരിട്ടു.
നേട്ടം പ്രതീക്ഷിച്ച് ഇന്ത്യ
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി രാവിലെ 30 പോയിന്റിലധികം ഉയർന്നു.
ഇന്നലെ ആലസ്യത്തിലായിരുന്ന സെൻസെക്സും (-0.05%) നിഫ്റ്റിയും (+0.02%) ഇന്ന് നേട്ടത്തിന്റെ പാതയിലേക്ക് കയറിയേക്കാം. എങ്കിലും ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖലയുടെ (കോർ സെക്ടർ) വളർച്ച 2024 നവംബറിലെ 5.8 ശതമാനത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം 1.8 ശതമാനത്തിലേക്ക് താഴ്ന്നുവെന്നത് നിരാശയാണ്.
എന്നാൽ, ഇക്കഴിഞ്ഞ ഒക്ടോബറിലെ 0.1 ശതമാനത്തിൽ നിന്ന് കരകയറ്റം തുടങ്ങിയെന്ന ആശ്വാസവുമുണ്ട്.
കൈവിടുന്ന വിദേശി
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വീണ്ടും വിറ്റൊഴിയൽ മനോഭാവത്തിലായി. ഇന്നലെ അവർ 1,795 കോടി രൂപ പിൻവലിച്ചു.
∙ രൂപ ഇന്നലെ ഡോളറിനെതിരെ 5 പൈസ മെച്ചപ്പെട്ട് 89.63ൽ എത്തി.
ക്രൂഡ് ഓയിൽ വില വീണ്ടും കൂടുന്നത് രൂപയ്ക്ക് സമ്മർദമാകും.
∙ യുഎസ്-വെനസ്വേല, റഷ്യ-യുക്രെയ്ൻ സംഘർഷ പശ്ചാത്തലത്തിൽ ഇന്നലെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു. ഇപ്പോൾ ബ്രെന്റ് ക്രൂഡ് വിലയുള്ളത് ബാരലിന് നേരിയ നേട്ടവുമായി 62.42 ഡോളറിൽ.
ഡബ്ല്യുടിഐ ക്രൂഡ് വില 58.42ലും എത്തി.
∙ ക്രിസ്മസ് പ്രമാണിച്ച് ഓഹരി വിപണിക്ക് നാളെ അവധിയാണ്.
സ്വർണം ‘കത്തി’ക്കയറുന്നു
സ്വർണവില റോക്കറ്റ് വേഗത്തിൽ മുന്നേറുകയാണ്. രാജ്യാന്തരവില ഔൺസിന് 4,500 ഡോളറും ഭേദിച്ച് എക്കാലത്തെയും ഉയരമായ 4,524 ഡോളർ വരെയെത്തി.
ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് 75 ഡോളർ നേട്ടവുമായി 4,508 ഡോളറിലാണ്. ഇന്നലെ കേരളത്തിൽ പവൻവില ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നിരുന്നു (വിശദാംശവും കാരണങ്ങളും വായിക്കാം).
ഇന്നും വലിയ വില വർധന പ്രതീക്ഷിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

