കേരളത്തിൽ സ്വർണവിലയിൽ ഇന്നും വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 170 രൂപ കുറഞ്ഞ് 13,230 രൂപയായും, പവന് 1,360 രൂപ താഴ്ന്ന് 1,05,840 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ രാവിലെ വിലയിൽ വർധനവുണ്ടായെങ്കിലും വൈകിട്ടോടെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില 20 ഡോളർ താഴ്ന്ന് 4,027 ഡോളർ നിലവാരത്തിലെത്തി.
കഴിഞ്ഞദിവസം രണ്ട് മാസത്തെ ഉയർന്ന നിരക്കായ 4,100 ഡോളറിന് മുകളിലായിരുന്നു വില. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ക്രൂഡോയിൽ വില 100 ഡോളർ കടന്നതും, അമേരിക്ക വൈകാതെ അടിസ്ഥാന പലിശനിരക്ക് ഉയർത്തിയേക്കുമെന്ന വിലയിരുത്തലുമാണ് മഞ്ഞലോഹത്തിന് തിരിച്ചടിയായത്.
ഡോളറും ബോണ്ടും കരുത്താർജിച്ചതോടെ നിക്ഷേപകരും ഉപഭോക്താക്കളും സ്വർണത്തിൽ നിന്ന് പിൻവാങ്ങിയത് ഡിമാൻഡ് കുറയാൻ കാരണമായി. പലിശ നിരക്കും വിപണി പ്രവചനങ്ങളും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചാൽ സ്വർണവില ഇനിയും താഴാനാണ് സാധ്യത.
രാജ്യാന്തരവില 4,000 ഡോളറിനും താഴേക്ക് പതിച്ചാൽ അത് 3,950 ഡോളർ വരെ തുടർന്നേക്കാം. ഈ സാഹചര്യത്തിൽ കേരളത്തിൽ പവൻ വില നിലവിലെ 1.05 ലക്ഷം രൂപയിൽ നിന്ന് 1.02 ലക്ഷം രൂപയിലേക്ക് ഇടിയാൻ സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകർ വ്യക്തമാക്കുന്നു.
എന്നാൽ, പശ്ചിമേഷ്യയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയോ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുകയോ ചെയ്താൽ വില വീണ്ടും കുതിച്ചുയരാം. രാജ്യാന്തരവില 4,500 ഡോളറിലേക്ക് എത്തിയാൽ കേരളത്തിൽ പവൻവില 1.08 ലക്ഷം രൂപവരെ ഉയർന്നേക്കാം.
ചൈനയുടെ വൻതോതിലുള്ള സ്വർണശേഖരണം നടപ്പ് വർഷം ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ ചൈന 173 ടൺ സ്വർണം വാങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇറക്കുമതി വർധനവാണിത്.
ചൈനയിൽ റിയൽ എസ്റ്റേറ്റ്, ഓഹരി വിപണികളിലെ തിളക്കം മങ്ങിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ജനം സ്വർണത്തിലേക്ക് തിരിയുന്നതാണ് വില തിരിഞ്ഞുയരാനുള്ള പ്രധാന പിടിവള്ളിയായി വിലയിരുത്തപ്പെടുന്നത്. ഷാങ്ഹായ് ഗോൾഡ് എക്സ്ചേഞ്ചിന്റെ കണക്കുകൾ പ്രകാരം സ്വർണ ഇടിഎഫിലേക്ക് പുതുതായി എത്തിയ നിക്ഷേപം 28 ടൺ ആണ്.
മറ്റു കാരറ്റുകളിലെ വില വിവരങ്ങൾ കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 140 രൂപ കുറഞ്ഞ് 10,870 രൂപയായും, പവന് 86,960 രൂപയായും എത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 105 രൂപ താഴ്ന്ന് 8,470 രൂപയിലും (പവൻ വില 67,760 രൂപ), 9 കാരറ്റ് സ്വർണം ഗ്രാമിന് 54,60 രൂപയിലും (പവൻ വില 43,680 രൂപ, 70 രൂപ കുറഞ്ഞു) വ്യാപാരം നടക്കുന്നു.
അതേസമയം, വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 235 രൂപയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

