പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലെൻസിന്റെ ഓഹരികൾ വിറ്റൊഴിയാനുള്ള നടപടികൾ നാളെ നടക്കാനിരിക്കേ, അപ്രതീക്ഷിതമായി ഏറ്റെടുക്കൽ പ്ലാനിൽ നിന്ന് പിന്മാറി സൈനിക മേധാവി അസിം മുനീറിന്റെ നിയന്ത്രണത്തിലുള്ള കമ്പനി. പാക്കിസ്ഥാൻ സൈന്യത്തിന്റെ കീഴിലുള്ള ഫൗജി ഫെർട്ടിലൈസർ കമ്പനിക്കാണ് വിമാനക്കമ്പനി ഏറ്റെടുക്കാൻ ഏറ്റവും സാധ്യത കൽപിച്ചിരുന്നത്.
ഫൗജി പിന്മാറിയതോടെ ഇനി ടെൻഡർ നടപടികളിൽ ശേഷിക്കുന്നത് രണ്ട് കൺസോർഷ്യം ഉൾപ്പെടെ മൂന്നു പേർ.
നിത്യച്ചെലവിന് രാജ്യാന്തര നാണയ നിധിയിൽ (ഐഎംഎഫ്) നിന്ന് കടംവാങ്ങുന്ന പാക്കിസ്ഥാന്, ഐഎംഎഫ് മുന്നോട്ടുവയ്ക്കുന്ന കടുത്ത നിബന്ധനകൾ അനുസരിക്കേണ്ട ബാധ്യതയുണ്ട്.
അതിലൊന്നാണ്, കടത്തിൽ മുങ്ങിയ പൊതുമേഖലാ വിമാനക്കമ്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ (പിഐഎ) വിൽപന. നാളെ രാവിലെയാണ് ടെൻഡർ സമർപ്പിക്കാനുള്ള സമയം.
വൈകിട്ട് ടെൻഡർ തുറക്കും. ഈ നടപടികളെല്ലാം പാക്കിസ്ഥാൻ ടിവി ചാനലിൽ തൽസമയം കാണിക്കും.
ലക്കി സിമന്റ്, ഹബ് പവർ ഹോൾഡിങ്സ്, കോഹത് സിമന്റ്, മെട്രോ വെഞ്ച്വേഴ്സ് എന്നിവയുടെ കൺസോർഷ്യമാണ് ടെൻഡറിൽ പങ്കെടുക്കുന്ന ഒരു ടീം.
മറ്റൊന്ന് ആരിഫ് ഹബീബ് കോർപറേഷൻ, ഫാത്തിമ ഫെർട്ടിലൈസർ, സിറ്റി സ്കൂൾസ്, ലേക്ക് സിറ്റി ഹോൾഡിങ്സ് എന്നിവയുടെ കൺസോർഷ്യമാണ്. എയർ ബ്ലൂ എന്ന കമ്പനിയുമാണ് ഇവർക്ക് പുറമേ രംഗത്തുള്ളത്.
ഇവയെല്ലാം പാക്കിസ്ഥാനിലെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളാണ്.
വിമാനക്കമ്പനിയുടെ 75% ഓഹരി പങ്കാളിത്തമാണ് പാക്കിസ്ഥാൻ സർക്കാർ വിറ്റൊഴിയുന്നത്. ഇതുവഴി കിട്ടുന്ന തുകയിൽ 92.5% പിഐഎയ്ക്ക് തന്നെ ലഭിക്കും, ബാക്കി സർക്കാരെടുക്കും.
25% ഓഹരി പങ്കാളിത്തവും സർക്കാർ തുടരും. അഴിമതി, കെടുകാര്യസ്ഥത, കടക്കെണി എന്നിവയ്ക്ക് പേരുകേട്ട
വിമാനക്കമ്പനിയാണ് പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ്. കമ്പനിയുടെ പൈലറ്റുമാരിൽ പലരും വ്യാജ ലൈസൻസുള്ളവരാണെന്ന റിപ്പോർട്ട് പുറത്തുവന്നത് പാക്കിസ്ഥാന് അടുത്തിടെ വലിയ നാണക്കേടായിരുന്നു.
ഇത്തരമൊരു കമ്പനിയെ കടക്കെണിയിലകപ്പെട്ട
സർക്കാർ ചുമക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് വിറ്റഴിക്കാൻ ഐഎംഎഫ് ആവശ്യപ്പെട്ടത്. 34 വിമാനങ്ങളാണ് കമ്പനിക്കുള്ളത്.
ഇതിൽ പറക്കാൻ പറ്റുന്ന 18 എണ്ണമേയുള്ളൂ. ഏകദേശം 2,600 കോടി പാക്കിസ്ഥാനി രൂപയുടെ കടം കമ്പനിക്കുണ്ട്.
വിമാനക്കമ്പനിയെ ഏറ്റെടുക്കുന്നവർ ഈ കടം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. 2011ലെ കണക്കുപ്രകാരം 11,500 പേരാണ് പിഐഎ ജീവനക്കാർ.
ഓഹരി വിൽപനയുടെ ഭാഗമായി ഇതിൽ 5,000 പേരെ അടുത്ത 5 വർഷംകൊണ്ട് പിരിച്ചുവിടാനും തീരുമാനമായിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

