ടാറ്റ ഗ്രൂപ്പിന്റെ മാതൃസ്ഥാപനമായ ടാറ്റ സൺസും അതിലെ പ്രധാന ഓഹരി ഉടമകളായ ടാറ്റ ട്രസ്റ്റ്സും തമ്മിലുള്ള അഭിപ്രായവ്യത്യാസം നിയമപോരാട്ടത്തിലേക്ക് വഴിമാറുന്നു. ടാറ്റ സൺസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് എടുത്ത സുപ്രധാന തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
എൻ. ചന്ദ്രശേഖരനെ ചെയർമാനായി വീണ്ടും നിയമിക്കാനുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിന്റെ തീരുമാനത്തിലാണ് പ്രധാന തർക്കം.
കൂടാതെ, ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള ഭൂരിപക്ഷം ഡയറക്ടർമാരുടെ നിർദേശത്തെയും നോയൽ ടാറ്റ ശക്തമായി എതിർക്കുന്നു. കഴിഞ്ഞയാഴ്ച നടന്ന ബോർഡ് യോഗത്തിൽ ഭൂരിപക്ഷം ഡയറക്ടർമാരും ഈ രണ്ട് തീരുമാനങ്ങളെയും അനുകൂലിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്.
ഈ നിയമ നടപടികൾക്കായി പ്രമുഖ അഭിഭാഷകൻ അഭിഷേക് മനു സിങ്വിയെ ടാറ്റ ട്രസ്റ്റ്സ് ചുമതലപ്പെടുത്തി. മറുഭാഗത്ത്, ടാറ്റ സൺസിനെയും ചെയർമാൻ എൻ.
ചന്ദ്രശേഖരനെയും പ്രതിനിധീകരിക്കാനായി ഹരീഷ് സാൽവെയെ നിയമിച്ചു. ഇവർക്ക് പുറമെ പ്രമുഖ നിയമസ്ഥാപനങ്ങളും ഇരുവിഭാഗത്തിനുമായി രംഗത്തുണ്ട്.
മുൻപ് സൈറസ് മിസ്ത്രിയും ടാറ്റ ട്രസ്റ്റ്സും തമ്മിലുള്ള നിയമതർക്കത്തിൽ ഒരേ പക്ഷത്തുണ്ടായിരുന്നവരാണ് സിങ്വിയും സാൽവെയും. ഇപ്പോൾ ഇരുവരും വിപരീത ചേരികളിൽ അണിനിരക്കുന്നത് നിയമലോകം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ (NCLT) അല്ലെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണ് ടാറ്റ ട്രസ്റ്റ്സ് ആലോചിക്കുന്നത്. വരുംദിവസങ്ങളിൽ ഈ വിഷയം കൂടുതൽ സങ്കീർണ്ണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

