കേരള തീരത്ത് അപകടത്തിൽപ്പെട്ട കപ്പലുകൾ ഉയർത്തുന്ന പാരിസ്ഥിതിക ഭീഷണികൾ നേരിടാൻ സാങ്കേതിക പരിശോധനകൾക്ക് നടപടികൾ സ്വീകരിക്കുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ (DGMA) കോടതിയെ അറിയിച്ചു.
കടലിൽ മുങ്ങിയ എംഎസ്സി എൽസ 3 എന്ന കപ്പലിന്റെയും അതിലെ കണ്ടെയ്നറുകളുടെയും നിലവിലെ സ്ഥിതിഗതികൾ, അപകടസാധ്യതയുള്ള ചരക്കുകൾ, പാരിസ്ഥിതികവും നാവികവുമായ വെല്ലുവിളികൾ എന്നിവ കൃത്യമായി വിലയിരുത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട
സാങ്കേതിക സർവേ നടത്തുന്നതിനായി ‘സി ട്രാക്ക് സർവേയ്സ്’, ‘ഫ്യൂഗ്രോ സർവേ ഇന്ത്യ’ എന്നീ ഏജൻസികളെ സജ്ജമാക്കിയതായി ഡിജിഎംഎ വ്യക്തമാക്കി. നാവികസേനയുടെ സഹായത്തോടെ അണ്ടർവാട്ടർ മൾട്ടിബീം സർവേയും സൈഡ് സ്കാൻ സർവേയും ഉൾപ്പെടെയുള്ള പരിശോധനകൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇതിനാവശ്യമായ ചെലവും ഉത്തരവാദിത്തവും പൂർണ്ണമായും കപ്പലുടമകൾ വഹിക്കണമെന്ന് അധികൃതർ അറിയിച്ചു. പരിശോധനാ വിവരങ്ങൾ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവരടങ്ങുന്ന സമിതി പരിശോധിക്കും.
കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ ഉൾപ്പെടെയുള്ളവർ നൽകിയ പൊതുതാൽപര്യ ഹർജികളാണ് ഈ വിഷയത്തിൽ കേരള ഹൈക്കോടതി പരിഗണിക്കുന്നത്.
ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസ് വീണ്ടും ഒക്ടോബർ 6-ന് പരിഗണിക്കുന്നതിനായി മാറ്റി വെച്ചു.
അതേസമയം, തങ്ങളുടെ കപ്പലായ വൻഹായ് 503 നിലവിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ അല്ലെന്നും, പാരിസ്ഥിതിക മലിനീകരണ ഭീഷണി ഉള്ളതായി തെളിവുകളില്ലെന്നുമാണ് എതിർകക്ഷിയായ ‘വൻ ഹായ് ലൈൻസ്’ വാദിക്കുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അതിനാൽ അധിക ഉത്തരവുകൾ തങ്ങൾക്കെതിരെ ആവശ്യമില്ലെന്നും കമ്പനി വ്യക്തമാക്കി.
എന്നാൽ, ഈ വാദങ്ങളെ ഹർജിക്കാർ ശക്തമായി എതിർത്തു. കപ്പലവശിഷ്ടങ്ങൾ വലിയ ഭീഷണി ഉയർത്തുന്നുണ്ടോ എന്ന് കേന്ദ്രസർക്കാർ അടിയന്തരമായി പരിശോധിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.
ജലത്തിന്റെ ആഴം, വേലിയേറ്റവും ഒഴുക്കും, എണ്ണ–ചരക്ക് ചോർച്ച മൂലമുണ്ടാകാൻ സാധ്യതയുള്ള ആഘാതം, നാവിക ഗതാഗതത്തിന്റെ സാന്ദ്രത എന്നിവ വിലയിരുത്തണമെന്നും ഹർജിക്കാർ കോടതിയിൽ ബോധിപ്പിച്ചു. സിഎസ്ഐആർ – നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി നടത്തിയ ശാസ്ത്രീയ പാരിസ്ഥിതിക റിപ്പോർട്ട് ഹാജരാക്കാൻ നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

