ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് 81 -ാമത് ജനറൽ അസംബ്ലി സമ്മേളനത്തിന് തുടക്കമായി. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ ചർച്ചയാകുന്ന സമ്മേളനത്തിൽ 130-ലധികം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തന്റെ വൈകാരികമായ വിടവാങ്ങൽ പ്രസംഗത്തോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചത്. ആഗോളതലത്തിൽ ഭിന്നതകൾ വർധിച്ചുവരികയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിലെ യുദ്ധങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും, എ ഐ സാങ്കേതികവിദ്യയുടെ അമിതാധികാര പ്രയോഗം അപകടകരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യു എൻ രക്ഷാസമിതിയിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകണമെന്ന സുപ്രധാന നിർദ്ദേശം മുന്നോട്ടുവെച്ചാണ് അദ്ദേഹം തന്റെ ഔദ്യോഗിക പദവിയിലെ അവസാന പൊതുസഭാ പ്രസംഗം അവസാനിപ്പിച്ചത്.
സമ്മേളനത്തിൽ സംസാരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. “ഇറാൻ ലോകത്തെ ഭീകരതയുടെ പ്രധാന പ്രായോജകരാണെന്നും അരനൂറ്റാണ്ടിലേറെയായി രക്തച്ചൊരിച്ചിലിലൂടെ ലോകത്തെ ഭീതിയിലാഴ്ത്തുകയാണെന്നും” അദ്ദേഹം ആരോപിച്ചു.
അമേരിക്കയിലെ സെപ്റ്റംബർ 11 ഭീകരാക്രമണത്തെ ഇറാൻ പരമോന്നത നേതാവ് ആഘോഷിച്ചുവെന്നും ട്രംപ് ആരോപിച്ചു. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിലൂടെ ഇറാന്റെ സൈനിക-സാമ്പത്തിക ശക്തികൾ തകർത്തുവെന്ന് അവകാശപ്പെട്ട
പ്രസിഡന്റ്, ഇറാനെ ഒരിക്കലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. റഷ്യ-യുക്രൈൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, തന്റെ ഭരണകാലത്ത് അമേരിക്ക സുവർണ്ണകാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ബ്രസീൽ പ്രസിഡന്റ് ലൂല ഡാ സിൽവ രംഗത്തെത്തി. ദുർബലരെ സംരക്ഷിക്കുന്നതിലും ലോകത്ത് സമാധാനം നിലനിർത്തുന്നതിലും യു എൻ പൂർണ്ണമായും പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രക്ഷാസമിതിയിലെ വീറ്റോ അധികാരവും നിലവിലെ ഭരണഘടനയുമാണ് ഇതിന് തടസ്സമെന്നും, മാറ്റങ്ങൾ വരുത്താൻ നേതാക്കൾക്ക് ഇച്ഛാശക്തിയില്ലെന്നും ലൂല ഡാ സിൽവ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

