കേന്ദ്രസർക്കാരിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കൈമാറുന്ന ലാഭവിഹിതത്തിൽ ഇത്തവണ റെക്കോർഡ് വർധനവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2.9 ലക്ഷം കോടി രൂപ മുതൽ 3.2 ലക്ഷം കോടി രൂപ വരെയുള്ള തുക ഖജനാവിലേക്ക് എത്തിയേക്കുമെന്നാണ് സാമ്പത്തിക ലോകം പ്രതീക്ഷിക്കുന്നത്.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. രാജ്യത്തിന്റെ ധനക്കമ്മി നിയന്ത്രണവിധേയമാക്കുന്നതിൽ ഈ തുക നിർണ്ണായക സ്വാധീനം ചെലുത്തും.
മുൻ സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, 2023–2024 കാലയളവിൽ 2.11 ലക്ഷം കോടി രൂപയും, 2022–2023 സാമ്പത്തിക വർഷത്തിൽ 87,416 കോടി രൂപയുമാണ് ആർബിഐ കേന്ദ്രത്തിന് കൈമാറിയത്. വിദേശ കടപ്പത്രങ്ങളിൽ നിന്നുള്ള പലിശ, ഡോളർ വിൽപന വഴിയുള്ള വരുമാനം, സർക്കാർ ബോണ്ടുകളിലെ നിക്ഷേപം എന്നിവയാണ് റിസർവ് ബാങ്കിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങൾ.
പ്രവർത്തനച്ചെലവുകളും കരുതൽ ധനവും മാറ്റിവെച്ച ശേഷമുള്ള മിച്ചത്തുകയാണ് സർക്കാർ വിഹിതമായി നൽകുന്നത്. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ ഈ ലാഭവിഹിതം കേന്ദ്രസർക്കാരിന് വലിയ ആശ്വാസമാകും.
ഇറാൻ-യുഎസ് സംഘർഷം ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തിക ബാധ്യതകൾ വർധിച്ചിരുന്നു. കൂടാതെ, വ്യാപാര കമ്മിയിലെ വർധനവും വിദേശനാണ്യ ശേഖരത്തിലെ കുറവും സമ്പദ്വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്.
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 96 എന്ന നിലയിലേക്ക് ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ, ആർബിഐയുടെ സഹായം സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകരും. രാജ്യാന്തര വിപണിയിലെ ഉയർന്ന പലിശ നിരക്കുകളും സ്വർണവിലയിലുണ്ടായ വർധനവും റിസർവ് ബാങ്കിന്റെ വരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
2024-25 സാമ്പത്തിക വർഷാവസാന കണക്കുകൾ പ്രകാരം 76.25 ലക്ഷം കോടി രൂപയുടെ നീക്കിയിരുപ്പാണ് ആർബിഐക്കുണ്ടായിരുന്നത്. ഈ തുകയിൽ വർധനവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് മൊത്തം 3.16 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ ഇത്തവണ ലാഭവിഹിതമായി പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

