മുംബൈയിലെ മൺസൂൺ സ്വഭാവങ്ങളെ മുൻനിർത്തി വാണിജ്യ ഇടപാടുകൾ സാധ്യമാക്കുന്ന നൂതന വിപണി സംവിധാനത്തിന് നാഷനൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് (എൻസിഡിഇഎക്സ്) രൂപം നൽകുന്നു. ഇന്ത്യയിലെ ആദ്യത്തെ എക്സ്ചേഞ്ച്-ട്രേഡഡ് വെതർ ഡെറിവേറ്റീവ് കരാറായ ഈ പദ്ധതി ജൂൺ 1-ന് പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഹരി വിപണിയിൽ സാധാരണയായി കമ്മോഡിറ്റികൾ, ബോണ്ടുകൾ, കറൻസികൾ എന്നിവയാണ് കൈമാറ്റം ചെയ്യപ്പെടാറുള്ളത്. ഭാവിയിലെ വില വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ട് നടത്തുന്ന ഫ്യൂച്ചേഴ്സ് വ്യാപാരവും ഫോർവേഡ് കരാറുകളുമാണ് ഇത്തരം ഇടപാടുകളുടെ അടിസ്ഥാനം.
എന്നാൽ, ‘മഴ വിപണി’യിൽ ഭൗതികമായ ചരക്കുകൈമാറ്റം ഉണ്ടായിരിക്കില്ല. പകരം, ലാഭനഷ്ടങ്ങൾ പണമായി മാത്രം കണക്കാക്കുന്ന രീതിയാണ് ഇതിൽ പിന്തുടരുന്നത്.
ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ ‘സെബി’യുടെ അംഗീകാരത്തോടെയാണ് ‘RAINMUMBAI’ എന്ന പേരിൽ ഈ വിപണി സജ്ജമാകുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) മുംബൈയിലെ സാന്താക്രൂസ്, കൊളാബ സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന ഔദ്യോഗിക മഴയുടെ കണക്കുകളെ അടിസ്ഥാനമാക്കിയായിരിക്കും ഇടപാടുകൾ നടക്കുക.
ഒരു മില്ലിമീറ്റർ മഴയ്ക്ക് 50 രൂപ എന്ന നിരക്കിലായിരിക്കും ലോട്ട് സൈസ് നിശ്ചയിച്ചിരിക്കുന്നത്. 50 ലോട്ടുകളായോ അതിന്റെ ഗുണിതങ്ങളായോ ഇത് വാങ്ങാൻ നിക്ഷേപകർക്ക് സാധിക്കും.
മുംബൈയുടെ സമ്പദ്വ്യവസ്ഥയിൽ കാലാവസ്ഥ നിർണായക പങ്ക് വഹിക്കുന്നുണ്ട്. കാർഷികം, ലോജിസ്റ്റിക്സ്, എഫ്എംസിജി, വൈദ്യുതി വിതരണം, ബാങ്കിങ് എന്നീ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ ലഘൂകരിക്കാൻ ഈ വിപണി സഹായിക്കും.
സാധാരണ ട്രേഡർമാർക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ബിസിനസ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും, വലിയ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് സംരക്ഷണം നേടാനും ഈ പുതിയ സംവിധാനം വഴിയൊരുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

