തങ്ങളെ അറസ്റ്റ് ചെയ്ത പൊലീസിനോട് പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അതേ സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം നടത്തിയ കുറ്റവാളി പിടിയിൽ. ആലപ്പുഴയിലെ സ്ഥിരം മോഷ്ടാവായ സുമേഷ് സുശീലൻ ആണ് വീണ്ടും പൊലീസിന്റെ വലയിലായത്.
ചെറുതും വലുതുമായ മുപ്പതിലേറെ മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. ആറു മാസം മുമ്പാണ് ഒരു മോഷണ കേസിൽ ആലപ്പുഴ നോർത്ത് പൊലീസ് സുമേഷിനെ പിടികൂടിയിരുന്നത്.
തന്നെ കള്ളക്കേസിൽ പൊലീസ് കുടുക്കിയെന്നായിരുന്നു അന്ന് ഇയാളുടെ വാദം. തുടർന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ നോർത്ത് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം നടത്തുമെന്നും സുമേഷ് പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
പഴയ കേസിൽ ജാമ്യം നേടി പുറത്തിറങ്ങി രണ്ടാം ദിവസം തന്നെ ഇയാൾ താൻ നൽകിയ വെല്ലുവിളി നടപ്പിലാക്കുകയായിരുന്നു. നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ തുമ്പോളിയിലെ ഒരു ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു.
പൊലീസിന് തലവേദന സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഈ മോഷണത്തിൽ പക്ഷേ, സിസിടിവി ദൃശ്യങ്ങൾ പ്രതിക്ക് തിരിച്ചടിയായി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് മോഷ്ടാവിനെ തിരിച്ചറിയാൻ യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മിനിറ്റുകൾക്കകം പൊലീസ് സുമേഷിനെ വീണ്ടും പിടുകൂടുകയായിരുന്നു. ഇതോടെ ഇയാൾ വീണ്ടും ജയിലിലായിരിക്കുകയാണ്.
ഇനി ഈ കേസിലെ ജയിൽവാസത്തിന് പ്രതികാരം ചെയ്യാൻ സുമേഷ് വീണ്ടും ഇറങ്ങുമോ എന്ന ആശങ്കയും ആലപ്പുഴ നോർത്ത് പൊലീസിനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

