ഇന്ധനവിലയിലുണ്ടായ അനിയന്ത്രിതമായ വർധനയും അതുമൂലം രാജ്യത്തെ സമ്പദ്വ്യവസ്ഥയിൽ ഉടലെടുത്ത പ്രതിസന്ധികളും പരിഹരിക്കുന്നതിനായി കർശന നടപടികളിലേക്ക് നീങ്ങുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്ന സാഹചര്യത്തിൽ, സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്കിന്റെ പണനയ സമിതി ജൂൺ 5 വരെ യോഗം ചേരും.
വരാനിരിക്കുന്ന യോഗത്തിൽ പലിശ നിരക്കുകളിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, നിലവിൽ 5.25 ശതമാനമായി തുടരുന്ന റീപ്പോ നിരക്ക് 50 മുതൽ 75 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.
യുഎസ്-ഇറാൻ സംഘർഷം സൃഷ്ടിച്ച ഇറക്കുമതി ചെലവിലെ വർധനയും വിദേശനാണ്യ ശേഖരത്തിലുണ്ടായ കുറവും സമ്പദ്വ്യവസ്ഥയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 97 എന്ന നിലവാരത്തിലേക്ക് ഇടിഞ്ഞത് സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്.
ഈ പ്രതിസന്ധി ഘട്ടത്തിൽ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവരുടെ നിഗമനം ഇങ്ങനെയാണ്: “ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും”.
ആഗോളതലത്തിൽ മറ്റ് കേന്ദ്രബാങ്കുകൾ സ്വീകരിക്കുന്ന കർശന നിലപാടുകളും ബോണ്ട് ആദായ നിരക്കിലെ വർധനയും ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. റീപ്പോ നിരക്കിലുണ്ടാകുന്ന വർധന സാധാരണക്കാരുടെ സാമ്പത്തിക ക്രമീകരണങ്ങളെ നേരിട്ട് ബാധിക്കും.
ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉയരുന്നതോടെ ഇഎംഐ തുകയിലോ തിരിച്ചടവ് കാലയളവിലോ വർധനയുണ്ടാകും. അതേസമയം, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ ലഭിക്കുമെന്നത് നിക്ഷേപകർക്ക് അനുകൂലമായ ഘടകമാണ്.
ഓഹരി വിപണിയിലും പണനയ മാറ്റങ്ങളുടെ പ്രതിഫലനം പ്രകടമായേക്കാം. രൂപയുടെ മൂല്യത്തകർച്ച തടയുന്നതിന്റെ ഭാഗമായി 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് സംവിധാനത്തിലേക്ക് ലഭ്യമാക്കാനും ആർബിഐ ആലോചിക്കുന്നുണ്ട്.
ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെ ബാങ്കുകളിൽ നിന്ന് ഡോളർ ഏറ്റെടുത്ത് പകരം രൂപ നൽകുന്ന രീതിയാണിത്. മൂന്ന് വർഷത്തെ കാലാവധിക്ക് ശേഷം ഈ ഡോളറുകൾ ബാങ്കുകൾക്ക് തിരികെ വാങ്ങാൻ അവസരമൊരുക്കുന്നതിലൂടെ വിപണിയിലെ പ്രതിസന്ധി ലഘൂകരിക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

