പഞ്ചാബിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് സർവകലാശാലയുടെ പൂർണ്ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ക്യാമ്പസിനുള്ളിൽ രണ്ടായിരത്തിലധികം പൊലീസുകാരെയാണ് നിലവിൽ വിന്യസിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി സർവകലാശാലാ ക്യാമ്പസിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി. സുരക്ഷ മുൻനിർത്തി സർവകലാശാല അടുത്ത 10 ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ തന്നെ സുരക്ഷിതരായി തുടരണമെന്നും യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണ വിധേയമാണെന്ന് ജലന്തർ ഡി.ഐ.ജി നവീൻ സിങ്കള വ്യക്തമാക്കി.
സംഘർഷത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട ദേശീയ പാത 44 ഉടൻ തന്നെ തുറന്നു കൊടുക്കുമെന്നും അധികൃതർ അറിയിച്ചു.
ഹോസ്റ്റലിൽ വെച്ച് വിദ്യാർത്ഥിനി പീഡനത്തിനിരയായി എന്ന തരത്തിലുള്ള വ്യാജ ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതാണ് ക്യാമ്പസിൽ അപ്രതീക്ഷിത സംഘർഷത്തിന് കാരണമായത്. സർവകലാശാലയിലെ ഹോസ്റ്റലിൽ വെച്ച് ജോലിക്കെത്തിയ ഇലക്ട്രീഷ്യൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന രീതിയിലായിരുന്നു പ്രചാരണം നടത്തിയത്.
സംഭവം മൂടിവെയ്ക്കാനായി സർവകലാശാല അധികൃതർ പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടിലേക്ക് അയച്ചുവെന്നും വ്യാജ സന്ദേശങ്ങളിൽ അവകാശപ്പെട്ടിരുന്നു. ഈ ശബ്ദസന്ദേശം അതിവേഗം പ്രചരിച്ചതോടെ കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ ക്യാമ്പസിൽ വൻ പ്രതിഷേധവും സംഘർഷവുമാണ് അരങ്ങേറിയത്.
പ്രകോപിതരായ വിദ്യാർത്ഥികൾ പ്രധാന കെട്ടിടങ്ങളുടെ ജനൽ ചില്ലുകളും മറ്റു പൊതുമുതറുകളും അടിച്ചു തകർത്തു. സ്ഥിതി വഷളായതിനെ തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തുകയും പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തു.
സംഘർഷത്തിനിടയിൽ നിരവധി പൊലീസ് വാഹനങ്ങൾ തകർക്കപ്പെട്ടു. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച് നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
അക്രമ സംഭവങ്ങളിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ, പെൺകുട്ടി പീഡനത്തിനിരയായി എന്ന പ്രചാരണം തികച്ചും വ്യാജമാണെന്നും ഒരു വിദ്യാർത്ഥിക്ക് പോലും അത്തരത്തിലുള്ള യാതൊരു മോശം അനുഭവവും നേരിടേണ്ടി വന്നിട്ടില്ലെന്നും സർവകലാശാലാ അധികൃതർ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം, വ്യാജ ശബ്ദസന്ദേശം നിർമ്മിച്ച് പ്രചരിപ്പിച്ചതിന് പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പുറമെ പുറത്തുനിന്നുള്ള ചില സാമൂഹിക വിരുദ്ധരും സംഘർഷത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്ന ശക്തമായ സംശയം പൊലീസിനുണ്ട്.
സംഭവത്തിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പൊലീസ് സമഗ്രമായി പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

