കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ മോഷണം നടന്നു. ക്ഷേത്രമതിൽ ചാടിക്കടന്നെത്തിയ പ്രതി സുരക്ഷാ ജീവനക്കാരനെ മുറിക്കുള്ളിലാക്കി പൂട്ടിയിട്ട
ശേഷമാണ് മോഷണം നടത്തിയത്. ക്ഷേത്ര മാനേജർ സി.എം.ശ്രീജിത്ത് നൽകിയ പരാതിയിൽ ഏകദേശം 20,000 രൂപ നഷ്ടപ്പെട്ടതായി കണ്ണൂർ ടൗൺ പൊലീസ് അറിയിച്ചു.
ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്തുകടന്ന പ്രതി, ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വൈഷ്ണവിനെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. കൈവശമുണ്ടായിരുന്ന പിക്കാസ് ഉപയോഗിച്ച് വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ്, മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു.
തുടർന്ന് ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം തകർക്കാൻ ശ്രമിച്ചെങ്കിലും പണം കണ്ടെത്താനായില്ല. തുടർനടപടികളിൽ വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരം തകർത്ത് പണം കൈക്കലാക്കുകയും ചെയ്തു.
ക്ഷേത്രത്തിന്റെ പിൻവശത്തെ ഭണ്ഡാരം തകർക്കാൻ ശ്രമിക്കുന്നതിനിടെ, പൂട്ടിട്ട മുറിയിൽ നിന്നും പുറത്തെത്തിയ സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പ്രതിയെ തടയാൻ ശ്രമിച്ചു.
തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് പ്രതി ആക്രമണം നടത്തിയത്. “പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന് സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.” ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം പ്രതി മതിലിലൂടെ രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന രണ്ട് ടോർച്ചുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാ ജീവനക്കാരനും മോഷ്ടാവും തമ്മിലുള്ള സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ടൗൺ പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

