രാജ്യത്ത് ഇന്ധനവില വർധനവിന് പിന്നാലെ, വായ്പാ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി പലിശ നിരക്കുകൾ ഉയർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒരുങ്ങുന്നു. യുഎസ്-ഇറാൻ സംഘർഷം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി, ഇറക്കുമതിച്ചെലവിലെ വർധന, വിദേശനാണ്യ ശേഖരത്തിലെ കുറവ് എന്നിവ രാജ്യത്ത് പണപ്പെരുപ്പത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ഈ സാഹചര്യം നേരിടുന്നതിന്റെ ഭാഗമായാണ് കേന്ദ്രബാങ്ക് കർശന നടപടികളിലേക്ക് നീങ്ങുന്നത്. ജൂൺ 3 മുതൽ 5 വരെ നടക്കാനിരിക്കുന്ന ആർബിഐയുടെ പണനയ യോഗത്തിൽ പലിശ നിരക്കുകളിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും.
നിലവിൽ 5.25 ശതമാനത്തിലുള്ള പലിശ നിരക്ക് 50 മുതൽ 75 ബിപിഎസ് (ബേസിസ് പോയിന്റ്) വരെ ഉയർത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 97 എന്ന നിലയിലേക്ക് ഇടിഞ്ഞതും പണപ്പെരുപ്പ സമ്മർദ്ദം വർധിപ്പിക്കുന്നു.
സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവരുടെ നിരീക്ഷണപ്രകാരം, ആഗോളതലത്തിൽ കേന്ദ്രബാങ്കുകൾ പലിശ നിരക്ക് ഉയർത്തുന്നതും സർക്കാർ ബോണ്ടുകളുടെ ആദായ നിരക്കിലെ വർധനയും ഇന്ത്യക്ക് അവഗണിക്കാനാവില്ല. “ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.
ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും” – ഇവർ വ്യക്തമാക്കി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയാൽ അത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളെ നേരിട്ട് ബാധിക്കും.
ഇത് വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവ് തുകയിലോ (ഇഎംഐ) തിരിച്ചടവ് കാലാവധിയിലോ വർധനവിന് ഇടയാക്കും. അതേസമയം, സ്ഥിര നിക്ഷേപ പലിശ നിരക്കുകളിലും ഓഹരി വിപണിയിലും ഈ മാറ്റങ്ങൾ പ്രകടമാകും.
രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിനുമായി ആർബിഐ വിവിധ ഇടപെടലുകൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെ ബാങ്കിങ് സംവിധാനത്തിലേക്ക് ലഭ്യമാക്കാനാണ് കേന്ദ്രബാങ്ക് പദ്ധതിയിടുന്നത്.
ബാങ്കുകളിൽ നിന്ന് ഡോളർ ഏറ്റെടുത്ത് പകരം രൂപ നൽകുന്ന ഈ സംവിധാനത്തിലൂടെ മൂന്ന് വർഷത്തിന് ശേഷം ബാങ്കുകൾക്ക് ഈ ഡോളർ തിരികെ വാങ്ങാൻ അവസരമുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

