മുംബൈയിലെ കാലവർഷത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ആദ്യത്തെ എക്സ്ചേഞ്ച്-ട്രേഡഡ് വെതർ ഡെറിവേറ്റീവ് കരാറുകൾക്ക് നാഷനൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് (NCDEX) തുടക്കമിടുന്നു. ജൂൺ ഒന്നുമുതൽ ഈ വിപണി പ്രവർത്തനസജ്ജമാകുമെന്നാണ് സൂചനകൾ.
മുംബൈയിലെ മഴയുടെ ഗതിവിഗതികളെ മുൻകൂട്ടി കണ്ട് സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കുന്ന ഈ സംവിധാനം, രാജ്യത്തെ വാണിജ്യമേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) അംഗീകാരത്തോടെ ‘RAINMUMBAI’ എന്ന പേരിലാണ് ഈ വിപണി ആരംഭിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുംബൈയിലെ സാന്താക്രൂസ്, കൊളാബ സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന മഴയുടെ അളവിനെ അടിസ്ഥാനമാക്കിയായിരിക്കും ഇടപാടുകൾ നടക്കുക. ഒരു മില്ലിമീറ്റർ മഴയ്ക്ക് 50 രൂപ എന്ന നിരക്കിലായിരിക്കും ലോട്ട് സൈസ് നിശ്ചയിച്ചിരിക്കുന്നത്.
50 ലോട്ടുകളായോ അതിന്റെ ഗുണിതങ്ങളായോ നിക്ഷേപകർക്ക് ഈ വിപണിയിൽ പങ്കാളികളാകാം. ഓഹരി വിപണിക്ക് സമാനമായി കമ്മോഡിറ്റികൾ, ബോണ്ടുകൾ, കറൻസികൾ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി ഡെറിവേറ്റീവ് വിപണി പ്രവർത്തിക്കുന്നത്.
ഭാവിയിലെ വില വ്യതിയാനങ്ങൾ പ്രവചിച്ച് നടത്തുന്ന ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ സ്വർണം, ക്രൂഡോയിൽ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയാണ് സാധാരണയായി കൈമാറ്റം ചെയ്യപ്പെടാറുള്ളത്. എന്നാൽ, എൻസിഡിഇഎക്സ് അവതരിപ്പിക്കുന്ന പുതിയ സംവിധാനത്തിൽ മഴയാണ് വ്യാപാരത്തിന്റെ അടിസ്ഥാനം.
ഇവിടെ ചരക്കുകൾക്ക് പകരം പണമായിട്ടായിരിക്കും ലാഭനഷ്ടങ്ങൾ തീർപ്പാക്കുക. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ മഴയെത്തുടർന്നുണ്ടാകുന്ന സാമ്പത്തിക സ്തംഭനങ്ങളും നഷ്ടങ്ങളും മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ ഈ സംവിധാനം സഹായിക്കും.
കാർഷികം, ലോജിസ്റ്റിക്സ്, എഫ്എംസിജി, വൈദ്യുതി വിതരണം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലുള്ളവർക്ക് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ മറികടക്കാൻ ‘മഴ വിപണി’ ഒരു സുരക്ഷാ കവചമായി പ്രവർത്തിക്കും. ട്രേഡർമാർക്കും ഊഹക്കച്ചവടക്കാർക്കും വിപണിയിൽ ഇടപാടുകൾ നടത്താൻ അവസരമുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

