അമ്പലപ്പുഴ- ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന്റെ പശ്ചാത്തലത്തിൽ, ആലപ്പുഴയിലെ മെയിന്റനൻസ് ഡിപ്പോ അടച്ചുപൂട്ടാനും പിറ്റ്ലൈൻ പൊളിച്ചുനീക്കാനുമുള്ള റെയിൽവേയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കെ.സി വേണുഗോപാൽ എം.പി രംഗത്ത്. ഇത്തരം നടപടികൾ ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള നിർദേശം ഈ നീക്കത്തിന് മറയാണെന്നത് വ്യക്തമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി. കേരളത്തിലെ കോച്ച് മെയിന്റനൻസ് കേന്ദ്രങ്ങൾ കടുത്ത സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിൽ, നിലവിൽ പ്രവർത്തനക്ഷമമായ അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുനീക്കുന്നത് യുക്തിസഹമല്ല.
ആലപ്പുഴയുടെ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ നീക്കങ്ങളോട് അനുകൂല നിലപാടെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിക്കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. മെക്കാനിക്കൽ വിഭാഗത്തിന്റെ ശുപാർശകൾ പരിഗണിച്ച് ദക്ഷിണ റെയിൽവേയുടെ എൻജിനീയറിംഗ് ലേഔട്ടിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ആലപ്പുഴ യാർഡിൽത്തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ പിറ്റ്ലൈൻ നിർമിക്കണമെന്നാണ് പ്രധാന ആവശ്യം.
”അമ്പലപ്പുഴ- ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന്റെ പേരിൽ ആലപ്പുഴയിലെ മെയിന്റനൻസ് ഡിപ്പോ അടച്ചുപൂട്ടാനും പിറ്റ്ലൈൻ പൊളിച്ചുനീക്കാനുമുള്ള റെയിൽവേയുടെ നീക്കം ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല. ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള നിർദ്ദേശം ഈ നീക്കത്തിന് മറയാണെന്നത് വ്യക്തമാണ്.” ആലപ്പുഴയിൽ നിന്ന് യാത്ര ആരംഭിച്ച് ആലപ്പുഴയിൽത്തന്നെ അവസാനിക്കുന്നതും ഉത്തരേന്ത്യയിലേക്ക് പ്രതിദിന സർവീസ് നടത്തുന്നതുമായ ഏക ട്രെയിനാണ് ധൻബാദ്- ആലപ്പുഴ എക്സ്പ്രസ്.
ഈ സാഹചര്യത്തിൽ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സ്റ്റേഷനായി ആലപ്പുഴയെ നിലനിർത്തണമെന്ന ആവശ്യം റെയിൽവേ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചശേഷം മണിക്കൂറുകളോളം നിർത്തിയിടുന്ന ടാറ്റാനഗർ എക്സ്പ്രസ് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് നീട്ടുന്നത് പ്രായോഗികമായ ബദലായി പരിഗണിക്കാമെന്ന നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.
യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ച് പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്ന മുറയ്ക്ക് ആലപ്പുഴയിൽനിന്ന് ആരംഭിക്കുന്ന ദീർഘദൂര ട്രെയിൻ സർവീസുകൾ കൂടുതലായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് എത്രയും വേഗം അനുകൂലമായ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.പി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

