മാസംതോറും നാല് ലക്ഷം രൂപ വാടക ലഭിച്ചിരുന്ന കെട്ടിടം ബലമായി പിടിച്ചെടുത്ത ശേഷം വാടകയുമില്ല, കെട്ടിടവുമില്ല എന്ന അവസ്ഥയിലാണെന്ന് ഉടമസ്ഥരുടെ പരാതി. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുവാതുക്കൽ എപിജെ അബ്ദുൽ കലാം ഓഡിറ്റോറിയത്തിൽ പ്രവർത്തിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) വെയർഹൗസ് ഹൈക്കോടതി ഉത്തരവിനെത്തുടർന്നു മാറ്റുന്നതിനാണ് സ്വകാര്യ കെട്ടിടം ഏറ്റെടുത്തത്.
1951ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 160 (1) എ പ്രകാരം കഴിഞ്ഞ ഫെബ്രുവരിയിലാണ് കെട്ടിടം പിടിച്ചെടുത്തത്. മുൻപ് ഈ കെട്ടിടം പ്രമുഖ വാഹന നിർമാതാക്കളുടെ സർവീസിങ് സെന്ററായി പ്രവർത്തിച്ചുവരികയായിരുന്നു.
അതേസമയം, വാടക തീരുമാനിക്കാൻ ചുമതലപ്പെടുത്തിയ പൊതുമരാമത്ത് വകുപ്പ്, കെട്ടിടത്തിനു പഴക്കമുണ്ടെന്നും ഇത്രയും തുക വാടക നൽകാൻ നിയമമില്ലെന്നും നിലപാടെടുക്കുകയാണ്. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചതു മൂലം ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഓഡിറ്റോറിയം പൊതുജനങ്ങൾക്കു ലഭ്യമല്ലാതായെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എട്ട് ആഴ്ചയ്ക്കകം വെയർഹൗസ് മാറ്റാൻ കോടതി ഉത്തരവിടുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ, സർക്കാർ സംവിധാനങ്ങളിൽ അനുയോജ്യമായ കെട്ടിടങ്ങൾ ലഭിക്കാതെ വന്നതോടെയാണ് പി.എം.ഫിലിപ്പോസ്, ശിൽപാ എൽസ ഏബ്രഹാം എന്നിവരുടെ ഉടമസ്ഥതയിലുള്ള നാട്ടകം വില്ലേജിലുള്ള കെട്ടിടം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപെട്ടത്.
വർഷങ്ങളായി വാടകയ്ക്കു നൽകിയിരുന്നതും പിന്നീട് മറ്റ് ആവശ്യങ്ങൾക്കായി സജ്ജീകരിച്ചുകൊണ്ടിരുന്നതുമായ 6,200 ചതുരശ്രഅടി വിസ്തൃതിയുള്ള കെട്ടിടമാണിത്. ഉടമകൾ സ്ഥലത്തില്ലാതിരുന്ന സമയത്ത് കെട്ടിടം പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥർ പെട്ടെന്നു താക്കോൽ ആവശ്യപ്പെടുകയും തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യത്തിനായി ഉത്തരവിറക്കി കെട്ടിടം കസ്റ്റഡിയിലാക്കുകയുമായിരുന്നുവെന്ന് ഉടമകൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

