രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ മൂല്യം കുറഞ്ഞിട്ടും, സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിൽ ഔൺസിന് 70 ഡോളർ ഇടിവുണ്ടാവുകയും വില 4155 ഡോളറിലേക്ക് എത്തുകയും ചെയ്തു.
എന്നാൽ ഇതിന് വിപരീതമായി കേരളത്തിൽ സ്വർണവില കുതിച്ചുയരുകയാണ് ഉണ്ടായത്. ഇന്ന് രാവിലെ സംസ്ഥാനത്ത് ഗ്രാമിന് 20 രൂപ വർധിച്ച് 13,390 രൂപയും, ഒരു പവന് 160 രൂപ കൂടി 1,07,120 രൂപയുമായി വില ഉയർന്നു.
ഇന്നലെ സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്ന് വില നിശ്ചയിക്കുമ്പോൾ ഔൺസിന് 4182 ഡോളർ എന്ന നിലയിലായിരുന്നു രാജ്യാന്തര വിപണിയിലെ വ്യാപാരം.
രാജ്യാന്തര തലത്തിൽ വില കുറഞ്ഞിട്ടും കേരളത്തിൽ വിപരീത സാഹചര്യമുണ്ടായതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ഡോളർ-രൂപ വിനിമയ നിരക്കിലെ മാറ്റങ്ങളും ഇറക്കുമതി നികുതി കണക്കാക്കുന്ന രീതിയുമാണ് വില വർധനവിന് പ്രധാന കാരണമായതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, സംസ്ഥാനത്തെ സ്വർണവിലയെ സ്വാധീനിക്കുന്ന ബോംബെ വിപണിയിലെ വിലയിൽ ഗ്രാമിന് 25 രൂപയുടെ വർധനവ് ഇന്ന് ഉണ്ടായിട്ടുണ്ട്. അതേസമയം, ബാങ്കുകൾ സ്വർണാഭരണ നിർമാതാക്കൾക്ക് സ്വർണം വിൽക്കുന്ന നിരക്കായ ബാങ്ക് റേറ്റിൽ ഗ്രാമിന് 132 രൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ ബാങ്ക് നിരക്കിൽ 381 രൂപയുടെ കുറവാണ് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ച നിരക്കുകൾ പ്രകാരം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 11,055 രൂപയായി.
വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 250 രൂപയിൽ തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

