സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ക്യാമ്പയിനിലൂടെ ഇതുവരെ 15 കോടിയോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പദ്ധതി കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ മതനേതാക്കളുടെ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ വിപുലീകരിക്കും.
ഇതിന്റെ ഭാഗമായി തൂഫാൻ സ്ട്രൈക്ക്, തൂഫാൻ വാരിയർ, തൂഫാൻ കെയർ എന്നീ പുതിയ കർമ്മപദ്ധതികൾ ഉടൻ ആരംഭിക്കും. പൊതുജനങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ഈ ദൗത്യത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി, രഹസ്യവിവരങ്ങൾ നൽകി പോലീസ് നടപടികൾക്ക് ജനം നൽകുന്ന പിന്തുണയെ പ്രശംസിച്ചു.
ഇതിനകം രണ്ട് നൈജീരിയൻ പൗരന്മാർ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കിടയിലും ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി വിവിധ ഭാഷകളിൽ പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന്റെ ഭാഗമായി മർക്കസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി മന്ത്രി ചർച്ച നടത്തി.
തൂഫാൻ വാരിയർ ബാഡ്ജ് അണിയിച്ചാണ് മന്ത്രി അദ്ദേഹത്തെ സ്വീകരിച്ചത്. പള്ളികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചപ്പോൾ, സർക്കാരിന്റെ ഈ മാതൃകാപരമായ പ്രവർത്തനത്തിന് കാന്തപുരം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം, കുറ്റ്യാടിയിൽ നടന്ന ആൾക്കൂട്ട വിചാരണ സംഭവത്തിൽ മന്ത്രി പ്രതികരിച്ചു.
“തൂഫാൻ ആൾക്കൂട്ട വിചാരണയ്ക്കുള്ളതല്ലെന്നും, ഇക്കാര്യത്തിൽ പൊലീസിന് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും” അദ്ദേഹം അറിയിച്ചു.
ലഹരിവിരുദ്ധ ദൗത്യത്തിന്റെ പേരിൽ ആരെങ്കിലും നിയമം കൈയ്യിലെടുക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും, സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

