മലക്കപ്പാറ ഗവ. യുപി സ്കൂളിലേക്ക് അത്ഭുതകരമായ ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസം എത്തിയത്.
അഞ്ചു സഹോദരങ്ങൾ തങ്ങളുടെ പഠനമോഹവുമായി രക്ഷിതാക്കളുടെ സഹായമില്ലാതെ മൂന്നര കിലോമീറ്റർ കാൽനടയായി സ്കൂളിലെത്തുകയായിരുന്നു. അരയക്കാപ്പ് ഉന്നതിയിൽ നിന്നാണ് ഇവർ കാടും വന്യജീവി ഭീഷണിയും വകവെക്കാതെ സ്കൂൾ മുറ്റത്തേക്ക് നടന്നുവന്നത്.
സുധ, നിമില, പവിത്ര, അജിത്ത്, വാവുത്രൻ എന്നീ അഞ്ചു വിദ്യാർഥികളാണ് കഴിഞ്ഞ ചൊവ്വ രാവിലെ 10 മണിയോടെ സ്കൂളിൽ പ്രവേശനം തേടി എത്തിയത്. വനവിഭവങ്ങൾ ശേഖരിക്കാനായി മാതാപിതാക്കൾ കാട്ടിലേക്ക് പോകുന്ന സമയത്ത് കുട്ടികൾ തനിച്ചായിരുന്നു.
സുരക്ഷാ ഭീഷണികളും ദൂരവും കണക്കിലെടുത്ത് സ്കൂളിൽ അയക്കാൻ രക്ഷിതാക്കൾക്ക് മടിയുണ്ടായിരുന്നെങ്കിലും, പഠിക്കണമെന്ന കുട്ടികളുടെ തീവ്രമായ ആഗ്രഹം ഈ സാഹസത്തിന് അവരെ പ്രേരിപ്പിക്കുകയായിരുന്നു. ഇപ്പോൾ ഈ കുട്ടികളുടെ സ്കൂൾ യാത്ര സുരക്ഷിതമാക്കാൻ സ്കൂൾ അധികൃതർ തന്നെ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാനാധ്യാപിക ബ്യൂല എലിസബത്ത് ഉൾപ്പെടെയുള്ള അധ്യാപകർ ഈ കുട്ടികൾക്ക് മാതൃവാത്സല്യം നൽകി പരിപാലിക്കുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും നൽകാൻ അധ്യാപകർക്ക് പുറമെ പൊലീസും വിവിധ സന്നദ്ധ സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്.
അതേസമയം, മലക്കപ്പാറ ഗവ. യുപി സ്കൂളിനെ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.
വിദ്യാഭ്യാസ വകുപ്പിന് ഇതിനായുള്ള പ്രപ്പോസൽ സമർപ്പിച്ചെങ്കിലും തുടർനടപടികൾ വൈകുകയാണ്. ഹൈസ്കൂൾ സൗകര്യം ലഭിച്ചാൽ ആദിവാസി മേഖലയിലെ കുട്ടികൾക്കും തോട്ടം തൊഴിലാളികളുടെ മക്കൾക്കും മികച്ച വിദ്യാഭ്യാസം സ്വന്തം നാട്ടിൽത്തന്നെ ലഭ്യമാകും.
പഞ്ചായത്തിലെ 13 ആദിവാസി ഉന്നതികളിൽ നിന്നുള്ള വിദ്യാർഥികൾ ഇപ്പോൾ ഹോസ്റ്റലുകളിൽ താമസിച്ചാണ് പഠനം തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

