പതിനേഴു ലക്ഷം കോടി രൂപ വാർഷിക വരുമാനമുള്ള ടാറ്റ സാമ്രാജ്യത്തിന്റെ സാരഥിയായി എൻ. ചന്ദ്രശേഖരന് ശേഷം ആരെത്തും എന്നത് ഇന്ത്യൻ കോർപറേറ്റ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട
ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഔദ്യോഗിക കേന്ദ്രങ്ങൾ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ലെങ്കിലും നിരവധി പ്രമുഖരുടെ പേരുകൾ ഇതിനോടകം ഉയർന്നുകേൾക്കുന്നുണ്ട്.
നിലവിലെ ചെയർമാന് ആറു മാസത്തെ കാലാവധി ബാക്കിയുള്ളതിനാൽ അതിവേഗത്തിലുള്ള നടപടികൾക്ക് സാധ്യത കുറവാണ്. ടി.വി.
നരേന്ദ്രൻ, സൗരഭ് അഗർവാൾ, ശൈലേഷ് ചന്ദ്ര എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയിൽ മുൻനിരയിലുള്ളത്. ടാറ്റ സ്റ്റീൽ ഗ്ലോബൽ മാനേജിങ് ഡയറക്ടറും മലയാളിയുമായ ടി.വി.
നരേന്ദ്രൻ, ടാറ്റ സൺസ് ഗ്രൂപ്പ് കമ്പനികളുടെ സിഎഫ്ഒ സൗരഭ് അഗർവാൾ, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ എംഡി ശൈലേഷ് ചന്ദ്ര എന്നിവരിലൊരാളാകും അടുത്ത ചെയർമാൻ എന്നാണ് പ്രധാന അഭ്യൂഹം. ഇതിനുപുറമേ ടാറ്റ കെമിക്കൽസ് ലിമിറ്റഡിന്റെ രാമകൃഷ്ണൻ മുകുന്ദൻ, ടാറ്റ പവറിന്റെ പ്രവീർ സിൻഹ എന്നിവരുടെയും പേരുകൾ പരിഗണിക്കപ്പെടുന്നുണ്ട്.
ടാറ്റ കുടുംബത്തിൽ നിന്നുള്ള നോയൽ ടാറ്റയുടെ മകൻ നെവിൽ ടാറ്റയുടെ പേര് മറ്റൊരു അപ്രതീക്ഷിത സാധ്യതയായി ഉയരുന്നുണ്ട്. ഫാഷൻ റീട്ടെയ്ൽ ബ്രാൻഡായ ട്രെന്റിൽ പ്രവർത്തിക്കുന്ന മുപ്പത്തിരണ്ടുകാരനായ നെവിൽ, ‘സുഡിയോ’ ബ്രാൻഡിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖനാണ്.
നോയലിന്റെ മകൾ മായ ടാറ്റയുടെ പേരും ചർച്ചകളിൽ ഉണ്ടെങ്കിലും സാധ്യത വളരെ കുറവാണ്. നരേന്ദ്രനും അഗർവാളിനും 61 വയസ്സാണ് പ്രായം.
എക്സിക്യൂട്ടീവുകളുടെ പെൻഷൻ പ്രായം 65 ആയതിനാൽ അഞ്ച് വർഷം കാലാവധിയുള്ള പദവിയിലേക്ക് ഇവരെ പരിഗണിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. 2011ൽ സൈറസ് മിസ്ത്രിയെ നിയമിച്ചതിന് സമാനമായി പുറത്തുനിന്നുള്ള ഒരാളെ കണ്ടെത്തുമോ എന്ന സംശയവും നിലവിലുണ്ട്.
എയർ ഇന്ത്യയുടെ ഉയർന്ന കടബാധ്യത, സെമികണ്ടക്ടർ പദ്ധതിയിലെ നഷ്ടം, ടാറ്റ സൺസിന്റെ ലിസ്റ്റിങ് എന്നിവയാണ് പുതിയ നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. ടി.വി.
നരേന്ദ്രൻ
ടാറ്റ സ്റ്റീലിന്റെ ആഗോള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ടി.വി. നരേന്ദ്രൻ, സങ്കീർണ്ണമായ ആഗോള ഇരുമ്പ് വിപണിയിൽ കമ്പനിയെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കുന്നു.
എറണാകുളം വടക്കൻ പറവൂർ ചേന്ദമംഗലം സ്വദേശിയായ നരേന്ദ്രൻ, സ്വതന്ത്ര കൊച്ചിയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ഇ. ഇക്കണ്ടവാരിയരുടെ പൗത്രനാണ്.
തിരുച്ചിറപ്പള്ളി ആർഇസിയിൽ നിന്ന് മെക്കാനിക്കൽ ബിരുദവും കൊൽക്കത്ത ഐഐഎമ്മിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. സൗരഭ് അഗർവാൾ
2017 മുതൽ ടാറ്റ സൺസ് ഗ്രൂപ്പ് കമ്പനികളുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസറായി പ്രവർത്തിക്കുന്ന സൗരഭ് അഗർവാൾ, കമ്പനിയുടെ തന്ത്രപരമായ നിക്ഷേപങ്ങൾക്കും ധനവിനിയോഗത്തിനും ചുക്കാൻ പിടിക്കുന്നു.
ടാറ്റ ഗ്രൂപ്പ് അടുത്തകാലത്ത് നടത്തിയിട്ടുള്ള വലിയ നിക്ഷേപങ്ങളുടെ പ്രധാന ശില്പിയാണ് ഇദ്ദേഹം. ശൈലേഷ് ചന്ദ്ര
ടാറ്റ മോട്ടോഴ്സിലെ ഇലക്ട്രിക് വാഹന നിർമാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും ആഭ്യന്തര വിപണിയിൽ വലിയ സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്ത വ്യക്തിയാണ് ശൈലേഷ് ചന്ദ്ര.
ഹരിത സാങ്കേതിക വിദ്യയിലേക്ക് ഗ്രൂപ്പ് ചുവടുമാറുമ്പോൾ ഇദ്ദേഹത്തിന്റെ സംഭാവനകൾ നിർണായകമാണ്. പുതിയ ചെയർമാനെ കണ്ടെത്താൻ പ്രത്യേക സമിതി
എൻ.
ചന്ദ്രശേഖരന്റെ രാജി പ്രഖ്യാപനത്തെ തുടർന്ന് പുതിയ ചെയർമാനെ കണ്ടെത്താനുള്ള നടപടികൾ പ്രധാന ഓഹരിയുടമകളായ ടാറ്റ ട്രസ്റ്റ്സ് ആരംഭിച്ചു. പ്രത്യേക സമിതി രൂപീകരിക്കാൻ നിർദേശിച്ചുകൊണ്ട് സർ ദൊറാബ്ജി ട്രസ്റ്റ് പ്രമേയം പാസാക്കിയിട്ടുണ്ട്.
അഞ്ച് അംഗങ്ങൾ അടങ്ങിയ സമിതിയായിരിക്കും പുതിയ ചെയർമാനെ ശുപാർശ ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

