സോളർ ബോട്ടുനിർമാണത്തിലെ മികവുകൊണ്ട് ആഗോളതലത്തിൽ ശ്രദ്ധ നേടുകയാണ് തൃശ്ശൂർ പെരുങ്ങോട്ടുകര സ്വദേശിയായ സന്ദിത് തണ്ടാശ്ശേരി. ഇന്ത്യയിലെ ഏറ്റവും വലിയ സോളർ ബോട്ടായ ഇന്ദ്ര നിർമിച്ചുകൊണ്ടു ശ്രദ്ധ പിടിച്ചുപറ്റിയ കൊച്ചിയിലെ നവാൾട്ട് സോളർ ആൻഡ് ഇലക്ട്രിക് ബോട്ട്സ് ഇപ്പോൾ നടത്തുന്നത് ജലയാത്രകളിലെ സമാനതകളില്ലാത്ത വിജയക്കുതിപ്പാണ്.
ഡ്രൈവിങ് സീറ്റിൽ സന്ദിത് എന്ന നേവൽ ആർക്കിടെക്ടിന്റെ കയ്യൊതുക്കം ഈ സ്റ്റാർട്ടപ്പിന് ഊർജം പകരുന്നു.
സോളർ ബോട്ട് ലാഭകരമാകുമോ എന്ന ചോദ്യത്തിനു ബോട്ടുകൾ മാത്രമല്ല ജങ്കാറും മിനി ഷിപ്പുംപോലും ലാഭകരമാകും എന്നു പ്രവർത്തിപ്പിച്ചു കാട്ടിക്കൊടുത്തു സന്ദിത്. 2013ൽ തുടക്കംകുറിച്ച സ്ഥാപനം നാലു വർഷത്തിനകം സംസ്ഥാന സർക്കാരിനുവേണ്ടി ഇന്ത്യയിലെത്തന്നെ ആദ്യ സോളർ ഫെറി നിർമിച്ചു നൽകി.
2 വർഷംകൊണ്ടായിരുന്നു ബോട്ടുനിർമാണം. ഇന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 38 സോളർ ബോട്ടുകളാണ് സന്ദിതിന്റെ കമ്പനിയായ നവാൾട്ട് നിർമിച്ചത്.
ഐഐടി മദ്രാസിൽ നേവൽ ആർക്കിടെക്ചർ പഠിച്ച സന്ദിതിന്റെ കരിയറിന്റെ തുടക്കവും ആ മേഖലയിലായിരുന്നു.
ആ സമയത്താണ് സ്വന്തം ബിസിനസ് എന്ന സ്വപ്നം കണ്ടുതുടങ്ങിയത്. സമീപഭാവിയിൽതന്നെ സോളർ വെസലുകൾക്കു മികച്ച സാധ്യതയുണ്ടെന്നു മനസ്സിലാക്കിയതോടെ നവാൾട്ട് എന്ന കമ്പനിക്കു രൂപംകൊടുത്തു.
ഒട്ടേറെ പ്രതിസന്ധികളുണ്ടായെങ്കിലും ഭാവിസാധ്യത തിരിച്ചറിഞ്ഞു മുന്നോട്ടുതന്നെ പോയി.
അതുകൊണ്ടാണ് രാജ്യത്തെ ഷിപ്പിങ് വ്യവസായം ഡീകാർബണൈസ് ചെയ്യുക എന്ന വലിയ ലക്ഷ്യത്തിനു തുടക്കമിടുന്നതിൽ നവാൾട്ടിനു വലിയ പങ്കു വഹിക്കാൻ കഴിഞ്ഞത്.
വിവിധതരം സോളർ ബോട്ടുകൾ
ബിസിനസിന്റെ, പ്രത്യേകിച്ച് ഇത്തരമൊരു ഉൽപന്നത്തിന്റെ റിസ്ക് ഉയർത്തിക്കാട്ടി പിന്തിരിപ്പിക്കാൻ ശ്രമിച്ചവരുടെ ചോദ്യങ്ങൾക്കു മുന്നിൽ സന്ദിത് പകച്ചില്ല. സോളർ ബോട്ടുകൾ എങ്ങനെ കൂടുതൽ ലാഭകരമാക്കാനാകും എന്ന ചിന്തയിലും അതിനുള്ള പഠനത്തിലും മാത്രമായിരുന്നു മനസ്സ്.
അങ്ങനെയാണ് ആദ്യ സോളർ ബോട്ടായ ആദിത്യയുടെ പിറവി. ഏതാനും വർഷങ്ങൾകൊണ്ടുതന്നെ ഈ മോഡൽ ലാഭകരമാക്കാനായി.
അതോടെ സംസ്ഥാനത്തു മാത്രമല്ല ദേശീയ തലത്തിലും ആദിത്യ ശ്രദ്ധേയമായി.
നവാൾട്ട് തയാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ സോളർ-ഇലക്ട്രിക് ഫെറി 2020ൽ ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് ഫെറിക്കുള്ള ഗുസ്താവ് ട്രൂവ് അവാർഡും നേടി. ആദിത്യയുടെ രൂപകൽപനയും പ്രവർത്തന മോഡലും രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ രാജ്യത്തെ ഏറ്റവും വലിയ സോളർ ബോട്ടു നിർമാതാക്കളായി വളരാൻ കമ്പനിക്കു കഴിഞ്ഞു.
വിവിധ സംസ്ഥാനങ്ങൾക്കായി ഒട്ടേറേ ടൂറിസംബോട്ടുകൾ രൂപകൽപന ചെയ്തു നിർമിച്ചുനൽകി.
സോളർ ഫിഷിങ് ബോട്ടുകളും റോ റോ ബോട്ടുകളും ഡിഫൻസ് ബോട്ടും നിർമിച്ചു. ഇപ്പോൾ സംസ്ഥാന സർക്കാരിനായി 14 ബോട്ടുകൾകൂടി നിർമിച്ചു നൽകുകയാണ്.
വിദേശ രാജ്യങ്ങളിലേക്ക്
ഈ രംഗത്തെ വൻകിട
ഇക്കോ-മറൈൻ ടെക് കമ്പനിയായി കൂടുതൽ വിദേശ രാജ്യങ്ങളിലേക്കു ബിസിനസ് വ്യാപിപ്പിക്കുകയാണ് സ്ഥാപനം. കാനഡ, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്കു പുറമേ മാലിദ്വീപ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും കയറ്റുമതിക്ക് ഒരുങ്ങുന്നു.
കപ്പലുണ്ടാക്കണം സോളറിൽ
ചെറിയ സോളർ ബോട്ടുകൾക്കു സ്പീഡ് കുറവാണ് എന്ന പരാതി തുടക്കത്തിലുണ്ടായിരുന്നു.
ബോട്ടിന്റെ ഭാരം കുറച്ച് ഈ പ്രശ്നം പരിഹരിക്കാനായിരുന്നു ശ്രമം. ബോട്ടുനിർമാണത്തിന് തടി, സ്റ്റീൽ എന്നിവയുടെ അളവു കുറച്ചു.
പകരം ജിആർപി സ്റ്റീൽ ഉപയോഗിച്ചു.
മറൈൻ സർട്ടിഫിക്കേഷനുള്ള ബാറ്ററികൾ മാത്രം ഉപയോഗിച്ചതിനാൽ ഉയർന്ന ഗുണമേന്മയും ഉറപ്പാക്കാനായി. ഇന്ന് 75ലധികം യാത്രക്കാരെ ഉൾക്കൊള്ളാനാകുന്ന ബോട്ടുകൾ നിർമിച്ചു നൽകുന്നുണ്ട്.
‘വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായവിധം ബോട്ടുകൾ കസ്റ്റമൈസ് ചെയ്താണ് നിർമിക്കുന്നത്,’ സന്ദിത് പറയുന്നു.
2013ൽ ബിസിനസിലേക്ക് ഇറങ്ങുമ്പോൾ മൂന്നോ നാലോ പേരാണ് ഒപ്പമുണ്ടായിരുന്നത്. ഇന്നു വിവിധ പ്രോജക്ടുകളിലായി 170ഓളം പേർക്കു ജോലി നൽകുന്നുണ്ട്.
സ്വപ്നം കണ്ടതിലും അപ്പുറത്തായിരുന്നു ബിസിനസ് വിപുലീകരണവും വളർച്ചയും. പ്രതീക്ഷിക്കാത്ത ഒട്ടേറെ പ്രോജക്ടുകൾ തേടിയെത്തി.
ഇപ്പോൾ പുതിയ സാങ്കേതികവിദ്യയും വലിയ വലിയ കപ്പലുകളും വെസ്സലുകളും സ്വപ്നം കാണുകയാണ് സന്ദിത്.
നിക്ഷേപവുമായി ബനിയൻ ട്രീ
രാജ്യത്തെ പ്രമുഖ നിക്ഷേപക കമ്പനിയായ ബനിയൻ ട്രീ അടുത്തിടെ നവാൾട്ടിൽ നിക്ഷേപം നടത്തി. സൗരോർജ ബോട്ട് മോഡലുകളും കൂടുതൽ ഇലക്ട്രിക് മോഡലുകളും അവതരിപ്പിക്കുന്നതിനൊപ്പം ഈ രംഗത്തെ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ബോട്ടുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലാണ് കമ്പനി.
ബോട്ട്, കപ്പൽ രൂപകൽപനയിലെ മികവു മാത്രമല്ല ഈ രംഗത്തു മികച്ച ഗവേഷണ വികസനശേഷിയും നവാൾട്ടിനെ ഇന്നു ശ്രദ്ധേയമാക്കുന്നുണ്ട്.
ഇലക്ട്രിക് മറൈൻ എൻജിനീയറിങ് രംഗത്ത് ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാനായതും ഇവ കർശനമായി പാലിക്കുന്നു എന്നതും നവാൾട്ടിന്റെ നേട്ടമായി സന്ദിത് ചൂണ്ടിക്കാട്ടുന്നു.
വർഷം 35 ലക്ഷം രൂപ ലാഭം
‘പരമ്പരാഗത ഡീസൽ ബോട്ടുകളെ അപേക്ഷിച്ചു സോളർ ബോട്ടുകളുടെ പ്രവർത്തനച്ചെലവ് വളരെ കുറവാണ്. മാത്രമല്ല, ഏറെ പരിസ്ഥിതി സൗഹാർദമാണെന്നതാണ് ഏറ്റവും വലിയ മെച്ചം,’ സന്ദിത് പറയുന്നു.
‘സോളർ ബോട്ട് ഉപയോഗിച്ച് 35,000 ലീറ്റർ ഇന്ധനംവരെ ഒരുവർഷം ലാഭിക്കാനാകും. ആദിത്യയിലൂടെ മാത്രം ഇന്ധനയിനത്തിൽ ചെലവായിരുന്ന 35 ലക്ഷം രൂപയോളം ഒരു വർഷംകൊണ്ടു ലാഭിക്കാനായി.
പ്രവർത്തനച്ചെലവ് മൂന്നിൽ ഒന്നായി കുറഞ്ഞു∙ (മലയാള മനോരമ സമ്പാദ്യം ഡിസംബർ ലക്കത്തിൽ നിന്ന്) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

