ഗൾഫിൽനിന്ന് തിരിച്ചെത്തിയപ്പോൾ സംരംഭം എന്ന ചിന്തയേ ഉണ്ടായിരുന്നില്ല. ശമ്പളം കുറവാണെങ്കിലും അവിടെ ചെയ്തിരുന്ന ജോലിതന്നെ നാട്ടിലും തുടരാനായിരുന്നു പ്ലാൻ.
എന്നാൽ ചില സാഹചര്യങ്ങൾ സംരംഭത്തിൽ കൊണ്ടെത്തിച്ചു, അതിൽ വിജയിക്കുകയും ചെയ്തു. ആ അനുഭവമാണ് പി.രവിക്കു പങ്കുവയ്ക്കാനുള്ളത്.
മാവേലിക്കരയ്ക്കടുത്ത് േചരുംമൂട്ടിൽ, ഏദൻസ് ഫുഡ് പ്രോഡക്ട്സ്, എന്ന സംരംഭം നടത്തുകയാണ് രവി ഇപ്പോൾ.
എന്താണ് ബിസിനസ്?
വറപൊരികൾ, സ്നാക്സുകൾ, ചിപ്സുകൾ തുടങ്ങിയ നാടൻ പലഹാരങ്ങളുടെ നിർമാണവും വിൽപനയുമാണ്. കുഴലപ്പമാണ് പ്രധാന ഇനം.
കപ്പ, ചക്ക, ഏത്തക്കായ, ഉരുളക്കിഴങ്ങ് എന്നിവകൊണ്ടു ചിപ്സ് നിർമിക്കുന്നു. മിക്സ്ചർ, പക്കാവട
തുടങ്ങിയ സ്നാക്സുകളുമുണ്ട്. ചക്കപ്പൊടിയും നിർമിക്കുന്നു.
കുഴലപ്പമാണ് ഏറ്റവും അധികം വിൽക്കുന്നത്.
എന്തുകൊണ്ട് ഇത്തരം ബിസിനസ്?
10 വർഷക്കാലം ബഹ്റൈനിൽ പ്ലമർ ആയിരുന്നു. നാട്ടിൽ തിരിച്ചെത്തിയശേഷം ചെറിയ വർക്കുകൾ ഏറ്റെടുത്തു െചയ്തുവരുന്നതിനിടെ കായംകുളം കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഒരു പരിശീലന പരിപാടിയിൽ പങ്കെടുത്തു.
കാർഷികവിളകളിൽ നിന്ന് മൂല്യവർധിത ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്നതിനുള്ള ആ പരിശീലനം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തം സംരംഭം ആരംഭിക്കുകയായിരുന്നു.
ഒരു കുടുംബ ബിസിനസ്
രണ്ടു വർഷം മുൻപ് ഓണം പ്രമാണിച്ചു വീട്ടിലെ അടുക്കളയിൽനിന്നും തുടങ്ങിയ സ്ഥാപനം തികച്ചും ഒരു കുടുംബസംരംഭമായാണ് പ്രവർത്തിക്കുന്നത്. രവി, ഭാര്യ ലേഖ, മകൾ രേവതി, മകൻ രാഹുൽ എന്നിവർ അടക്കം ഏഴു പേരാണ് ജോലി ചെയ്യുന്നത്.
സംരംഭം വിജയമാകാനുള്ള കാരണം കുടുംബാംഗങ്ങളുടെ അധ്വാനമാണെന്നു രവി വിശ്വസിക്കുന്നു.
8 ലക്ഷം രൂപയുടെ നിക്ഷേപം
വീട്ടിലെ അടുക്കളയിലുണ്ടാക്കിയ കുഴലപ്പം ഒന്നുരണ്ടു കടകളിലും അടുത്ത വീടുകളിലും നൽകിയാണ് തുടങ്ങിയത്. എല്ലാവരും നല്ലതു പറഞ്ഞതോടെ കൂടുതൽ പലഹാരങ്ങള് ഉണ്ടാക്കാൻതുടങ്ങി.
പിന്നീട് വീടിനോടു ചേർന്ന് 1,000 ചതുരശ്രയടിയിൽ ഒരു ഷീറ്റ് മേഞ്ഞ കെട്ടിടം നിർമിച്ച് അവിടേക്ക് ഉൽപദനം മാറ്റി. 8 ലക്ഷം രൂപയുടെ മെഷിനറികൾ വാങ്ങി സ്ഥാപിച്ചു.
മാവ് മിക്സിങ് മെഷീൻ, കുഴലപ്പം ഷീറ്റ് മേക്കിങ് മെഷീൻ, കായ അരിയുന്ന മെഷീൻ, കപ്പ അരിയുന്ന മെഷീൻ, ഡ്രയർ, പൾവറൈസർ എന്നിവയ്ക്കു പുറമേ പാക്കിങ് മെഷീനും അതിൽ ഉൾപ്പെടുന്നു. ഏഴു ജീവനക്കാരാണുള്ളത്.
പിഎംഎഫ്എംഇ പ്രകാരം വായ്പ
പ്രധാനമന്ത്രിയുടെ ഭക്ഷ്യസംസ്കരണ പദ്ധതിയായ PMFME പ്രകാരം എടുത്ത 8 ലക്ഷം രൂപയ്ക്ക് 35% സബ്സിഡിയും ലഭിച്ചു.
ജില്ലാ വ്യവസായ കേന്ദ്രത്തിൽനിന്ന് മികച്ച പിന്തുണയാണ് ഇക്കാര്യത്തിൽ ലഭിച്ചതെന്നും രവി പറയുന്നു. ഹോൾസെയിൽ സ്ഥാപനങ്ങൾക്കും ബേക്കറിഷോപ്പുകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും നേരിട്ടാണ് വിൽപന.
വിതരണക്കാർ വന്നെങ്കിലും അവർക്കു നൽകാവുന്ന രീതിയിൽ ആയിട്ടില്ലെന്നു രവി പറയുന്നു. ക്രെഡിറ്റ് നൽകാതെ പ്രത്യേകം ശ്രദ്ധിക്കുന്നു.
ശക്തമായ മത്സരമുണ്ടെങ്കിലും തന്റെ ഉൽപന്നങ്ങൾ നല്ലനിലയിൽ വിപണനം ചെയ്യാനാകുന്നതിനു പല കാരണങ്ങളുണ്ടെന്നു രവി ചൂണ്ടിക്കാട്ടുന്നു.
∙ ആകർഷകമായ പായ്ക്കിങ് (ടിൻ പായ്ക്കിങ്ങും ഉപയോഗിക്കുന്നു). ∙ അതതു ദിവസംതന്നെ അസംസ്കൃതവസ്തുക്കൾ ഉപയോഗിക്കുന്നു.
കൃത്യസമയത്തുതന്നെ വിതരണവും ഉറപ്പാക്കുന്നു. ∙ രണ്ടു വറവു കഴിഞ്ഞാൽ എണ്ണ നീക്കംചെയ്യും.
∙ കുഴലപ്പത്തിന് വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുന്നു.
∙ വിപണിപിടിക്കാൻ വില കുറച്ചു വിൽക്കുന്നില്ല.
വിൽപനയിൽ 30% അറ്റാദായം
30%വരെയാണ് ലഭിക്കുന്ന അറ്റാദായം.
സ്നാക്സ് ഇനങ്ങളിൽ അതിലും കൂടുതൽ കിട്ടും. പാക്കർ ൈലസൻസ്, FSSAI അംഗീകാരം, ജിഎസ്ടി എന്നിവയോടെയാണ് വിൽപന.
ശരാശരി ഒരു ലക്ഷം രൂപയോളം മാസം ലാഭമുണ്ട്. വീടിനോടു േചർന്നു ചെയ്യുന്നതുകൊണ്ടാണ് മികച്ച ലാഭം നേടാൻ കഴിയുന്നത്.
ചക്കപ്പൊടി (ജാക്ക് ഫ്രൂട്ട് പൗഡർ)
ചക്ക ഉണക്കി പൊടിക്കുന്ന മെഷീൻ വാങ്ങി സ്ഥാപിച്ചിട്ടുണ്ട്.
ഉൽപാദനത്തിലേക്കു കടന്നിട്ടില്ല. ധാരാളം ആവശ്യക്കാർ വരുന്നുണ്ട്.
ചക്കപൗഡർ നിർമാണം ഉഷാറായി നടത്തുകയാണ് അടുത്ത ലക്ഷ്യം.
പുതുസംരംഭകർക്ക്
ചിപ്സ്, സ്നാക്സ് എന്നിവയുടെ യൂണിറ്റിലൂടെ നല്ല ലാഭമുണ്ടാക്കാം. വ്യാപകമായ വിപണിയുള്ള ഉൽപന്നങ്ങളാണ് ഇവ.
പാക്കിങ്, ഉൽപന്നത്തിന്റെ മേന്മ എന്നിവയിൽ ശ്രദ്ധിച്ചാൽ മതി. രണ്ടു ലക്ഷം രൂപയുടെ നിക്ഷേപത്തിൽ വീട്ടിലെ സൗകര്യങ്ങൾവച്ചുകൊണ്ടുതന്നെ ആരംഭിക്കാം.
രണ്ടു ലക്ഷം രൂപയുടെ കച്ചവടം നടന്നാൽപോലും 50,000 രൂപയുടെ അറ്റാദായം നേടാം. രണ്ടു േപർക്കു തൊഴിലും നൽകാനാവും.
വിലാസം: രവി പി.
ഏദൻസ് ഫുഡ് പ്രോഡക്ട്സ്
എടക്കുന്നം, ചേരുമ്മകാട് പി.ഒ.
പിൻ–690 505 •
(സംസ്ഥാന വ്യവസായ–വാണിജ്യവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
മലയാള മനോരമ സമ്പാദ്യം സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

