ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ ശക്തമായി എതിർത്ത് യുഎസ് ഗായികയും നടിയുമായ മേരി മിൽബെൻ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള രാഷ്ട്രീയ എതിർപ്പിന്റെ ഭാഗമായാണ് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി ഉൾപ്പെടെയുള്ളവർ ഈ സമ്മേളനത്തെ എതിർക്കുന്നതെന്ന് മേരി മിൽബെൻ എക്സ് പ്ലാറ്റ്ഫോമിലൂടെ ആരോപിച്ചു.
ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും ആഗോള സമ്പർക്ക പരിപാടിയുടെയും ഭാഗമായി അയ്യായിരത്തോളം ആളുകൾ അണിനിരക്കുന്ന ‘യൂണിവേഴ്സൽ വൺനസ്’ (Universal Oneness) ആഘോഷത്തിൽ സംബന്ധിക്കാനാണ് മോഹൻ ഭാഗവത് എത്തുന്നത്. അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിന്റെ വലിയൊരു ഒത്തുചേരലായാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
വിമർശകരുടെ രാഷ്ട്രീയ നിലപാടുകളെയും അവർ കടന്നാക്രമിച്ചു. സോഷ്യലിസത്തിൽ വിശ്വസിക്കുന്നവർക്ക് ക്യാപിറ്റലിസം എന്താണെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് അവർ വ്യക്തമാക്കി.
‘‘മാഡിസൺ സ്ക്വയർ ഗാർഡൻ, സോഷ്യലിസ്റ്റ് വിമർശനങ്ങൾക്കല്ല മറുപടി പറയുന്നത്; അവർ ക്യാപിറ്റലിസത്തിനാണു മറുപടി പറയുന്നത്. അതുകൊണ്ടുതന്നെ ഈ പരിപാടി നടക്കും’’ – മേരി മിൽബെൻ കുറിച്ചു.
ക്യാപിറ്റലിസ്റ്റുകളാകുക, പണം സമാഹരിക്കുക, മാഡിസൺ സ്ക്വയർ ഗാർഡൻ വാടകയ്ക്കെടുക്കുക, തുടർന്ന് മോദിവിരുദ്ധ നിലപാടുകൾക്കായി സ്വന്തം റാലി സംഘടിപ്പിക്കുക എന്നും അവർ മംദാനിയെയും അനുയായികളെയും പരിഹസിച്ചു. മുൻപ് 2023-ൽ വാഷിങ്ടനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് തൊട്ടുമുമ്പ് അവർ ഇന്ത്യൻ ദേശീയഗാനം ആലപിച്ചിട്ടുണ്ട്.
വരുന്ന ശനിയാഴ്ച മാൻഹാറ്റനിൽ വെച്ചാണ് മോഹൻ ഭാഗവത് ഈ ചടങ്ങിൽ പ്രഭാഷണം നടത്തുന്നത്. അമേരിക്കൻ ഹിന്ദൂസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ് എന്ന സംഘടനയാണ് ഈ പരിപാടിയുടെ സംഘാടനം നിർവഹിക്കുന്നത്.
അതേസമയം, മോഹൻ ഭാഗവതിന്റെ പങ്കാളിത്തവും ആർഎസ്എസിന്റെ ചരിത്രവും മുൻനിർത്തി നിരവധി പ്രാദേശിക സംഘടനകൾ ഇതിനോടകം തന്നെ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഈ പരിപാടിയോട് അനുകൂല നിലപാടില്ലെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ വംശജൻ കൂടിയായ മംദാനിയുടെ ഈ നിലപാട് വലിയ തോതിലുള്ള വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ‘‘എന്റെ കുടുംബത്തിന് ഇപ്പോഴും ഇന്ത്യയുമായി ബന്ധമുണ്ട്.
ഏവര്ക്കും തുല്യ അവകാശമുള്ള ഇന്ത്യയെ കുറിച്ചാണ് കേട്ട് വളർന്നിരിക്കുന്നത്. പരിപാടി റദ്ദാക്കാനുള്ള അധികാരം നഗരഭരണകൂടത്തിനില്ല’’ – എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

