ആന്ധ്രപ്രദേശിലേക്ക് വൻ നിക്ഷേപ പദ്ധതിയുമായി ഗൂഗിളിന് പിന്നാലെ കൂടുതൽ കമ്പനികൾ. തുറമുഖ നഗരമായ വിശാഖപട്ടണത്ത് ആരംഭിച്ച സിഐഐ പാർട്ണർഷിപ്പ് സമ്മിറ്റ് നിക്ഷേപ വാഗ്ദാനങ്ങളാൽ നിറഞ്ഞു.
വിശാഖപട്ടണത്ത് 5 വർഷംകൊണ്ട് 15 ബില്യൻ ഡോളർ (ഏകദേശം ഏകദേശം 1.33 ലക്ഷം കോടി രൂപ) നിക്ഷേപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡേറ്റ സെന്റർ സ്ഥാപിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നു. ഒരു ഗിഗാവാട്ടിന്റെ പദ്ധതിയാണിത്.
ഒരു ഗിഗാവാട്ടിന്റെ എഐ ഡേറ്റ സെന്ററാണ് മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെയും വാഗ്ദാനം.
ഇന്റർനെറ്റിലെ വിവരങ്ങൾ/ഡിജിറ്റൽ വിവരങ്ങൾ ഒരിടത്ത് അതീവ രഹസ്യമായി സൂക്ഷിക്കുന്ന സംവിധാനമാണ് എഐ ഡേറ്റ സെന്ററുകൾ. ഡേറ്റ മോഷണം തടയുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇവിടെയുണ്ടാകും.
സംസ്ഥാനത്ത് മൊത്തം 6 ഗിഗാവാട്ടിന്റെ ഡേറ്റ സെന്റർ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ഐടി, ഇലക്ട്രോണിക്സ് മന്ത്രി നാരാ ലോകേഷ് വ്യക്തമാക്കിയിരുന്നു.
ഇതിനകം റിലയൻസിൽ നിന്നുൾപ്പെടെ ലഭിച്ച വാഗ്ദാനം 2.5 ഗിഗാവാട്ടിന്റേതാണ്. ഡേറ്റ സെന്റർ, സിമന്റ് തുടങ്ങിയ മേഖലകളിലായി ആന്ധ്രയിൽ ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപം അടുത്ത 10 വർഷത്തിനിടെ നടത്തുമെന്നാണ് ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം.
ആന്ധ്രയിൽ ഇതിനകം അദാനി ഗ്രൂപ്പ് 40,000 കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞുവെന്ന് സമ്മിറ്റിൽ അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി പറഞ്ഞു.
തുറമുഖം, സിമന്റ്, ഡേറ്റ സെന്റർ, ഊർജം, മാനുഫാക്ചറിങ് മേഖലകളിലാണ് കൂടുതൽ നിക്ഷേപം നടത്തുക. ഗൂഗിളിന്റെ 15 ബില്യൻ ഡോളറിന്റെ എഐ ഡേറ്റ സെന്റർ പദ്ധതിയിൽ അദാനി ഗ്രൂപ്പും പങ്കാളിയാണ്.
ആന്ധ്രയിൽ ഒരുക്കുന്ന ഡേറ്റ സെന്റർ പദ്ധതിക്കുള്ള ഊർജം ഉറപ്പാക്കാനായി റിലയൻസ് ഇൻഡസ്ട്രീസ് 6 ഗിഗാവാട്ട് ഉൽപാദനശേഷിയുള്ള സോളർ പവർ പദ്ധതിയും അനുബന്ധമായി സജ്ജമാക്കും.
കുർണൂലിൽ 170 ഏക്കരിൽ സംയോജിത ഭക്ഷ്യസംസ്കരണ പാർക്കും റിലയൻസ് സ്ഥാപിക്കും. ഏകദേശം 400 ധാരണാപത്രങ്ങളാണ് സമ്മിറ്റിൽ ആന്ധ്ര സർക്കാർ വിവിധ കമ്പനികളുമായി ഒപ്പുവയ്ക്കുന്നത്.
മൊത്തം 10 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ സമ്മിറ്റിൽ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ആന്ധ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
വിവിധ ഹരിതോർജ പദ്ധതികളിലായി 3 ലക്ഷം കോടി രൂപയുടെ ധാരണപാത്രം ഇതിനകം സമ്മിറ്റിൽ ഒപ്പുവച്ചുകഴിഞ്ഞു. ഗ്രീൻ ഹൈഡ്രജൻ, കാറ്റാടിപ്പാടം, സോളർ, ബയോഫ്യുവൽ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
ഇതുവഴി ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ആന്ധ്രാ ചീഫ് സെക്രട്ടറി കെ. വിജയാനന്ദ് പ്രതികരിച്ചു.
ഐടി രംഗത്തും പുതിയ കുതിപ്പിന് സജ്ജമാവുകയാണ് ആന്ധ്ര.
ഐടി വമ്പന്മാരായ ടിസിഎസിനും കോഗ്നിസന്റിനും പിന്നാലെ ഇൻഫോസിസ്, അക്സഞ്ചർ എന്നിവയ്ക്കും ഡെവല്പമെന്റ് സെന്ററുകൾ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കാനുള്ള നീക്കത്തിലാണ് ആന്ധ്രയെന്ന് റിപ്പോർട്ടുകളുണ്ട്. വെറും 99 പൈസ ടോക്കൺ തുക വാങ്ങിയാകും സ്ഥലം അനുവദിക്കുക.
ഇൻഫോസിസ്, അക്സഞ്ചർ എന്നിവയുടെ മൊത്ത നിക്ഷേപം 2,000 കോടി രൂപയിൽ കുറയില്ലെന്നും സൂചനകളുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

