റെക്കോർഡ് തേരോട്ടത്തിനിടെ പൊടുന്നനേ നിലംപൊത്തി യുഎസ് ഓഹരി വിപണി. എസ് ആൻഡ് പി500 സൂചിക 1.66%, ടെക് കമ്പനികൾക്ക് ആഭിമുഖ്യമുള്ള നാസ്ഡാക് 2.29%, ഡൗ ജോൺസ് 1.65% എന്നിങ്ങനെ ഇടിഞ്ഞു.
എഐ അധിഷ്ഠിത കമ്പനികളുടെ ഓഹരികളിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദമാണ് വിപണിയെ വീഴ്ത്തിയത്.
സമീപകാലത്ത് എഐ പദ്ധതികളുടെ വികസനത്തിന് നിരവധി ടെക് കമ്പനികൾ വൻതോതിൽ നിക്ഷേപ പദ്ധതികളിലേക്ക് ചുവടുവച്ചിരുന്നു. അതോടെ അവയുടെ ഓഹരിവില കുതിച്ചു.
ഇത്തരത്തിൽ ഓഹരിവില അധികരിച്ചതോടെ (ഓവർ വാല്യൂവേഷൻ) നിക്ഷേപകർ ആശങ്കയിലായി. വലിയൊരു വിലത്തകർച്ച ഉണ്ടായേക്കാമെന്ന ഭീതിമൂലം നിലവിലെ വില മുതലെടുത്ത്, ലാഭമെടുപ്പ് നടത്തി പിൻവലിയുകയാണ് അവർ.
ഇതു മാത്രമാണോ കാരണം?
യുഎസ് ഓഹരി വിപണിയുടെ തകർച്ചയ്ക്ക് പിന്നിൽ വേറെയും നിർണായക കാരണങ്ങളുണ്ട്:
1) ഷട്ട്ഡൗൺ അവസാനിച്ചെങ്കിലും, ഭരണം സ്തംഭിച്ച കാലയളവിൽ തൊഴിലില്ലായ്മക്കണക്ക് ഉൾപ്പെടെ നിരവധി റിപ്പോർട്ടുകൾ ട്രംപ് ഭരണകൂടം പൂഴ്ത്തിവച്ചിരുന്നു.
നിലവിൽ ഷട്ട്ഡൗൺ മാറിയതോടെ ഈ കണക്കുകളെല്ലാം പുറത്തേക്ക് വരാനുള്ള സാഹചര്യമൊരുങ്ങി. യുഎസ് സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികളുടെ നേർചിത്രമായിരിക്കും കണക്കുകളെന്ന ഭീതി പരന്നതും ഓഹരികളിൽ വിറ്റൊഴിയൽ സമ്മർദം സൃഷ്ടിക്കുന്നു.
∙ അതേസമയം, ഷട്ട്ഡൗൺ ആയിരുന്നതിനാൽ കണക്കെടുപ്പൊന്നും കൃത്യമായി നടന്നില്ലെന്നും അതുകൊണ്ട് എത്രപേർക്ക് തൊഴിൽ കിട്ടിയെന്നോ തൊഴിൽ പോയെന്നോ ഉള്ള കണക്കൊന്നും പുറത്തുവിടുന്ന റിപ്പോർട്ടിൽ ഉണ്ടാവില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയെങ്കിലും ഓഹരിത്തകർച്ച തടയാനായില്ല.
2) ഡിസംബർ 10ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനമെങ്കിലും (0.25%) കുറയ്ക്കുമെന്ന പ്രതീക്ഷ ഇന്നലെവരെ ശക്തമായിരുന്നു.
ഇന്നത് മലക്കംമറിഞ്ഞു. പലിശ കുറയാനുള്ള സാധ്യത 50:50 ആണെന്ന് ഫെഡറൽ റിസർവിലെ 5 ഗവർണർമാരെങ്കിലും സൂചിപ്പിച്ചതോടെ പ്രതീക്ഷകൾ തകിടംമറിഞ്ഞു.
ഇതോടെ ഡോളറും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി യീൽഡും) നേട്ടത്തിലേറി. ഓഹരികളിൽ വിൽപനസമ്മർദം ആഞ്ഞടിച്ചു.
സ്വർണവിലയും താഴ്ന്നിറങ്ങി.
∙ സ്വർണവില ഇന്നലെ ഔൺസിന് 4,200 ഡോളറിനു മുകളിലേക്ക് കുതിച്ചുകയറിയിരുന്നു. ഇന്നുരാവിലെയുള്ളത് 4,191 ഡോളറിൽ.
ഒരുവേള വില 4,146 വരെ താഴ്ന്നിരുന്നു. രാവിലെ ഏതാണ്ട് 9.15ഓടെയാണ് കേരളത്തിൽ സ്വർണവില നിർണയം.
രാജ്യാന്തരവില നിലവിലെ ട്രെൻഡ് നിലനിർത്തിയാൽ കേരളത്തിലും ഇന്നു സ്വർണവില കുറയും. എന്നാൽ 4,200ലേക്ക് തിരിച്ചുകയറിയാൽ അത് തിരിച്ചടിയുമാകും.
തകർച്ചയുടെ ആഴം
ഡൗ ജോൺസ് 800 പോയിന്റ് നഷ്ടമാണ് ഇന്നലെ നേരിട്ടത്.
48,200 എന്ന സർവകാല ഉയരത്തിൽ നിന്ന് സൂചിക 47,400 നിലവാരത്തിലേക്ക് താഴ്ന്നു. നാസ്ഡാക് 500 പോയിന്റും എസ് ആൻഡ് പി500 സൂചിക 114 പോയിന്റും വീണു. കഴിഞ്ഞ 4 ദിവസംകൊണ്ട് സ്വന്തമാക്കിയ നേട്ടത്തിന്റെ ഏതാണ്ട് 60% ഇന്നലെ ഒറ്റദിവസംകൊണ്ട് ഡൗ നഷ്ടപ്പെടുത്തി.
യുഎസ് വിപണി നേരിട്ട
നഷ്ടം ഏഷ്യൻ, യൂറോപ്യൻ വിപണികളിലും ആഞ്ഞടിച്ചു. ജപ്പാനിൽ നിക്കേയ് സൂചിക 1.85% ഇടിഞ്ഞു.
ദക്ഷിണ കൊറിയയുടെ കോസ്പി 2.29%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 1.58%, ഹോങ്കോങ്ങിന്റെ ഹാങ്സെങ് 1.01%, ചൈനയുടെ ഷാങ്ഹായ് 0.14%, യൂറോപ്പിൽ എഫ്ടിഎസ്ഇ 1.05%, ഡാക്സ് 1.39% എന്നിങ്ങനെയും നഷ്ടത്തിലായി. യുകെ ജിഡിപി വളർച്ച ഇടിഞ്ഞതും എഫ്ടിഎസ്ഇക്ക് തിരിച്ചടിയായി.
ഇന്ത്യൻ വിപണിക്കും നെഞ്ചിടിപ്പ്, കണ്ണെറിയുന്നത് ബിഹാറിലേക്ക്
വിദേശ ഓഹരി വിപണികൾ നേരിട്ട
തളർച്ച ഇന്ത്യയിലും അലയടിക്കുമെന്ന് സൂചിപ്പിച്ച് രാവിലെ ഗിഫ്റ്റ് നിഫ്റ്റി 90 പോയിന്റ് താഴ്ന്നു. ഇന്നലെ കനത്ത ചാഞ്ചാട്ടം നേരിട്ട
സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ തുടങ്ങിയേക്കാം.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരുമെന്നതും വിപണിക്ക് വലിയ ടെൻഷനാണ്. രാജ്യം ഭരിക്കുന്ന മുന്നണിക്ക് ഏതെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പ് ഫലത്തിലാണെങ്കിലും തോൽവിയുണ്ടാകുന്നത് ഓഹരി വിപണിയെ നഷ്ടത്തിലേക്ക് നയിക്കും.
രാജ്യത്ത് ഭരണമാറ്റത്തിന്റെ ട്രെൻഡ് തുടങ്ങുന്നുവെന്ന സൂചനയാകും തോൽവിയെന്നതാണ് കാരണം.
ശ്രദ്ധയിൽ ഇവർ
∙ ടാറ്റാ മോട്ടോഴ്സ് (പാസഞ്ചർ) , ഓയിൽ ഇന്ത്യ, ഗ്ലെൻമാർക്ക്, എൻജിനിയേഴ്സ് ഇന്ത്യ, ഐനോക്സ് വിൻഡ്, മാക്സ് ഹെൽത്ത്കെയർ, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ്, സൺ ടിവി, ഉൽകർഷ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവ ഇന്ന് സെപ്റ്റംബർപാദ പ്രവർത്തനഫലം പുറത്തുവിടും.
∙ ടാറ്റാ മോട്ടോഴ്സ് (കമേഴ്സ്യൽ) ഇന്നലെ പ്രവർത്തനഫലം പുറത്തുവിട്ടു. 498 കോടി രൂപയുടെ ലാഭത്തിൽനിന്ന് കമ്പനി 867 കോടിയുടെ നഷ്ടത്തിലേക്ക് വീണു.
∙ ഹീറോ മോട്ടോകോർപ്പിന്റെ ലാഭം 15.7%, വരുമാനം 15.9% എന്നിങ്ങനെ ഉയർന്നു.
∙ എൽജി ഇലക്ട്രോണിക്സിന്റെ ലാഭം 27.3% ഇടിഞ്ഞു; വരുമാനം 1% ഉയർന്നു.
∙ അപ്പോളോ ടയേഴ്സിന്റെ ലാഭം 13.2% ഇടിഞ്ഞു; വരുമാനം 6.1% കയറി.
∙ മുത്തൂറ്റ് ഫിനാൻസ് മിന്നുംനേട്ടമാണ് കൈവരിച്ചത്.
ലാഭം 87.4% കുതിച്ചുയർന്നു; വരുമാന മുന്നേറ്റം 58.5%.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 384 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചു.
∙ രൂപ ഡോളറിനെതിരെ 8 പൈസ താഴ്ന്ന് 88.70ൽ എത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

