കുറഞ്ഞ ചെലവിൽ ഇലക്ട്രിക് ട്രക്കുകൾക്ക് ചാർജിങ് സൗകര്യം ഒരുക്കാൻ സാധിക്കുമെന്ന് പുതിയ പഠനത്തിൽ വ്യക്തമായതോടെ, രാജ്യത്തെ പ്രഥമ വൈദ്യുത ട്രക്ക് ഇടനാഴി നിർമ്മിക്കാനുള്ള ഒരുടക്കത്തിലാണ് കേരളം. കാസർകോട് – തിരുവനന്തപുരം എൻഎച്ച് 66 പാതയിലാണ് ഈ നൂതന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇലക്ട്രിക് ട്രക്കുകൾക്കായി 90 ചാർജറുകളും 12.5 മെഗാവാട്ട് ചാർജിങ് ശേഷിയും യാഥാർത്ഥ്യമാക്കാൻ 19 കോടി രൂപയുടെ നിക്ഷേപം മാത്രം മതിയാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പിഎം ഇ–ഡ്രൈവ് പദ്ധതിയിലൂടെ പൊതു ചാർജിങ് സൗകര്യങ്ങൾക്കായി അനുവദിക്കപ്പെട്ട
2000 കോടി രൂപയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഈ പദ്ധതിക്കായി ആവശ്യമായി വരുന്നത്. ദേശീയപാതയിലെ 622 കിലോമീറ്റർ ദൂരത്തിലാണ് കെഎസ്ഇബിയും ഇന്റർനാഷനൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനും (ഐസിസിടി) ചേർന്ന് ഈ നിർണായക പഠനം പൂർത്തിയാക്കിയത്.
സംസ്ഥാനത്ത് ചാർജിങ് ശൃംഖല വികസിപ്പിക്കുന്നതിനായി ഇതിനകം വകയിരുത്തിയ 63.12 കോടി രൂപ ഈ ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്. 2030ഓടെ ഈ ലക്ഷ്യം പൂർണ്ണമായും കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടർന്ന് 2050ൽ ചാർജറുകളുടെ എണ്ണം 1939 ആയും, ആകെ സ്ഥാപിതശേഷി 204.5 മെഗാവാട്ട് ആയും ഉയർത്തേണ്ടി വരും. ഇതിനായി മൊത്തത്തിൽ 338 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കിയിട്ടുള്ളത്.
ഇലക്ട്രിക് ട്രക്കുകൾക്ക് ആവശ്യമായ ചാർജറുകളുടെ എണ്ണം, അവയുടെ തരം, സ്ഥാപിക്കേണ്ട കൃത്യമായ സ്ഥലം എന്നിവ മുൻകൂട്ടി നിർണ്ണയിക്കുന്നതിനായി ഇന്ത്യൻ ചരക്ക് ഗതാഗത പാതയിൽ നടക്കുന്ന ആദ്യത്തെ പഠനമാണിത്.
ദേശീയപാത 66 ലെ നാല് പ്രധാന ടോൾ പ്ലാസകളിൽ നിന്നുള്ള ഫാസ്റ്റാഗ് ഡേറ്റ, രാജ്യതലത്തിലുള്ള ട്രക്കുകളുടെ ലഭ്യത, 13,355 ട്രക്കുകളിൽ നിന്നുള്ള ജിപിഎസ് വിവരങ്ങൾ, ഒപ്പം 3,39,692 പാർക്കിങ് സ്റ്റേഷൻ വിവരങ്ങൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് വിദഗ്ധർ ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൊച്ചി, കോഴിക്കോട്, കൊല്ലം തുടങ്ങിയ നഗരങ്ങൾ പ്രധാന ചാർജിങ് കേന്ദ്രങ്ങളായി ഉയന്നുവരുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇതിൽ തിരുവങ്ങാട്– കുമ്പളം ഭാഗത്തു മാത്രം 2050ഓടെ 76.4 മെഗാവാട്ട് ചാർജിങ് ശേഷി ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. “ആവശ്യകത ഉയരുന്നതിനു മുൻപു തന്നെ മുൻഗണനാ കേന്ദ്രങ്ങളിലെ വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണം ആസൂത്രണം ചെയ്യാൻ കെഎസ്ഇബി പ്രതിജ്ഞാബദ്ധമാണ്” എന്ന് ഡയറക്ടർ എം.പി.രാജൻ വ്യക്തമാക്കി.
“ഇലക്ട്രിക് ട്രക്കുകൾ നിരത്തിലിറങ്ങിയ ശേഷം ചാർജിങ്ങിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം തുടങ്ങിയാൽ പദ്ധതി വൈകുമെന്ന്” ഐസിസിടി ഗവേഷക ഹർസിമ്രൻ കൗർ അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

