മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമായ ‘ആരം’ റിലീസിനൊരുങ്ങുന്നു. ക്രൈം ത്രില്ലർ, സൈക്കോളജിക്കൽ ഡ്രാമ, ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് എന്നീ ഘടകങ്ങളെ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രം സെപ്റ്റംബർ 25 ന് തിയേറ്ററുകളിലെത്തും.
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ്പ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വിഷ്ണു രാമചന്ദ്രൻ തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ നന്മയും അതിജീവനവും തമ്മിലുള്ള നേർത്ത അതിർവരമ്പുകളാണ് ചർച്ച ചെയ്യുന്നത്. ഒരു സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും, അതിനെത്തുടർന്നുണ്ടാകുന്ന ഉദ്വേഗജനകമായ അന്വേഷണവുമാണ് സിനിമയുടെ പ്രധാന പ്രമേയം.
സി.ഐ. ആന്റോ ഈപ്പൻ എന്ന കേന്ദ്രകഥാപാത്രമായാണ് ചിത്രത്തിൽ സൈജു കുറുപ്പ് വേഷമിടുന്നത്.
സത്യസന്ധതയുടെ പേരിൽ നിരന്തരം സസ്പെൻഷനുകളും സ്ഥലംമാറ്റങ്ങളും നേരിടേണ്ടി വരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു സംഭവം അദ്ദേഹത്തെ സത്യാന്വേഷണത്തിന്റെയും ആത്മസംഘർഷത്തിന്റെയും പുതിയ വഴികളിലേക്ക് നയിക്കുന്നതാണ് കഥാതന്തു. കുറ്റബോധം, അധികാര രാഷ്ട്രീയം, മനുഷ്യബന്ധങ്ങൾ, നീതിക്കായുള്ള പോരാട്ടം എന്നിവ സമന്വയിപ്പിച്ചുകൊണ്ടാണ് ചിത്രം മുന്നേറുന്നത്.
സൈജു കുറുപ്പിനൊപ്പം അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു.
എഡിറ്റിംഗ് വി. സാജൻ, സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണൻ എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങൾക്ക് കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സായനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ., അശ്വിൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.
ഉദ്വേഗജനകമായ അന്വേഷണവും ശക്തമായ വൈകാരിക മുഹൂർത്തങ്ങളും സസ്പെൻസ് നിറഞ്ഞ കഥപറച്ചിലും ഒത്തുചേരുന്ന ‘ആരം’, മലയാളത്തിൽ വേറിട്ടൊരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ളൈ, കോസ്റ്റ്യൂം ഡിസൈനർ: സുജിത് മട്ടന്നൂർ, മേക്കപ്പ്: കിരൺ, മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടർ: റോബിൻ ടോം, കൊറിയോഗ്രാഫി: ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, സ്റ്റിൽസ്: സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ: മാമിജോ, ഡിസ്ട്രിബൂഷൻ: ഗുഡ് ഫെല്ലാസ്, ഡിജിറ്റൽ: ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

