യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന ചർച്ച പൊളിയുകയും ക്രുദ്ധനായ യുഎസ് പ്രസിഡന്റ് ട്രംപ് ഹോർമുസ് കടലിടുക്ക് ‘ബ്ലോക്ക്’ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തതോടെ ഇറാന്റെ സാമ്പത്തികാവസ്ഥ കൂടുതൽ മോശമാകുന്നു. ഒരു ഡോളറിനെതിരെ ഇറാനിയൻ കറൻസി റിയാലിന്റെ മൂല്യം 15.80 ലക്ഷത്തിലേക്ക് അനൗദ്യോഗിക വിപണിയിൽ തകർന്നടിഞ്ഞു.
സമാധാനം ഉറപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച നിബന്ധനകൾ യുഎസ് അംഗീകരിച്ചിരുന്നുവെങ്കിൽ, ഇറാന് സാമ്പത്തികമായി അത് വൻ ഉണർവ് ആകുമായിരുന്നു.
ഇറാനുമേലുള്ള ഉപരോധങ്ങളും തീരുവകളും പിൻവലിക്കണമെന്നും മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളായിരുന്നു മുന്നോട്ടുവച്ചത്. ഇതെല്ലാം യുഎസ് തള്ളി.
ഹോർമുസ് കടലിടുക്ക് യുഎസ് സേനതന്നെ ബ്ലോക്ക് ചെയ്യുമെന്ന് ട്രംപ് പറഞ്ഞതോടെ, ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളുടെ യാത്രയാണ് തടസ്സപ്പെടുക.
ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ ഇത് സാരമായി ബാധിക്കും. ഇറാനിലേക്കുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിയും മുടങ്ങും.
യുദ്ധക്കെടുതിക്ക് മുൻപേതന്നെ ഇറാനിൽ പണപ്പെരുപ്പം പരിധികളെല്ലാം ഭേദിച്ച് കത്തിക്കയറിയിരുന്നു.
തൊഴിലില്ലായ്മ അതിരൂക്ഷം. യുഎസ്-ഇസ്രയേലി ആക്രമണം മൂലം അടിസ്ഥാന സൗകര്യ, ഊർജവിതരണ പദ്ധതികൾ പലതും തകർന്നതും ആഘാതമായി.
ഫാക്ടറികളും വൈദ്യുതി പ്ലാന്റുകളും റെയിൽവേ ലൈനുകളും വിമാനത്താവളങ്ങളും പാലങ്ങളുമൊക്കെ തകർന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഭക്ഷണത്തിനും മരുന്നിനും ‘തീ’ വില
യുദ്ധം തുടങ്ങിയശേഷം മാത്രം ഇറാനിൽ പണപ്പെരുപ്പത്തിലുണ്ടായ വർധന 40 ശതമാനത്തോളം. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലമാത്രം 7 ലക്ഷം റിയാലിൽ നിന്ന് 10 ലക്ഷം റിയാലിന് മുകളിലെത്തി.
ചില കാൻസർ മരുന്നുകൾക്ക് വില 30 ലക്ഷത്തിൽ നിന്ന് കുതിച്ചുകയറിയത് 18 കോടിയിലേക്ക്. രാജ്യത്ത് പല വ്യാപാര, വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടി.
ഹോർമുസും കൈയിൽ നിന്ന് പോയേക്കും
ഹോർമുസ് കടലിടുക്ക് ഇറാന്റെ സ്വത്തല്ലെന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.
ഹോർമുസിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം നിൽക്കുമെന്നും യുഎഇ അഭിപ്രായപ്പെട്ടു. മധ്യസ്ഥ ചർച്ചകളിൽ വിട്ടുവീഴ്ചാ മനോഭാവം കാട്ടണമെന്ന് ഖത്തറും ഇറാനോട് ആവശ്യപ്പെട്ടു.
യുഎസ് കടുത്ത ആക്രമണത്തിലേക്ക് കടന്നാൽ ഹോർമുസിലെ കടുംപിടിത്തം ഇറാന് കൈവിടേണ്ടിവരും.
ഇടനില നിന്നിട്ടും രക്ഷയില്ല; കൂപ്പുകുത്തി പാക്കിസ്ഥാന്റെ വിപണി
ഇറാൻ-യുഎസ് യുദ്ധം അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പാളിയതിന് പിന്നാലെ കുത്തനെ ഇടിഞ്ഞ് പാക്കിസ്ഥാന്റെ ഓഹരി വിപണിയും (പിഎസ്എക്സ്). മുഖ്യ ഓഹരി സൂചികയായ കറാച്ചി ഇൻഡക്സ് (കെഎസ്ഇ-100) ഇന്നലെ 6000 പോയിന്റാണ് കൂപ്പുകുത്തിയത്.
മധ്യസ്ഥ പരിവേഷം അണിഞ്ഞതിന് പിന്നാലെ കഴിഞ്ഞയാഴ്ച ഓഹരി സൂചിക 12,000 പോയിന്റിലധികം കുതിച്ചിരുന്നു. പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, സംയുക്ത സേനാ മേധാവി അസിം മുനീർ എന്നിവരായിരുന്നു മധ്യസ്ഥതയ്ക്ക് മുൻകൈ എടുത്തത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് Whitehouse.Gov, X/Prime Minister’s Office/Pakistan എന്നിവയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

