അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന സംഭാവന തട്ടിപ്പിൽ ഉത്തർപ്രദേശ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എട്ടുപേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉത്തർപ്രദേശ് സർക്കാരിന്റെ നിർദ്ദേശപ്രകാരം ബിഎൻഎസ് സെക്ഷൻ 306, 316(5), 317(4), 317(5), 61, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസ് ചാർജ് ചെയ്തിട്ടുള്ളത്. ഈ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് റിപ്പോർട്ട് തേടിയിരുന്നു.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് സമർപ്പിക്കുകയും ചെയ്തു. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ ക്ഷേത്രത്തിന്റെ ഭരണപരമായ ചുമതലകൾ ജില്ലാ മജിസ്ട്രേറ്റിന് കൈമാറി.
പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും അയോധ്യയിൽ എത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായിക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്.
കൂടാതെ ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്രയും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.
കേസിലെ പ്രതികളെന്ന് സംശയിക്കുന്ന ചില ജീവനക്കാരുടെ വീടുകളിൽ നിന്ന് ആഭരണങ്ങൾ കണ്ടെടുത്തതായി പ്രത്യേക സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ സൂചനയുണ്ട്. അതേസമയം, ഇന്ത്യൻ ബുള്യൻ ആൻഡ് ജുവലേഴ്സ് അസോസിയേഷൻ സമർപ്പിച്ച 60 കിലോ വെള്ളി കട്ടികൾ കാണാതായ സംഭവത്തിൽ അസോസിയേഷൻ അധ്യക്ഷൻ അനുരാഗ് രസ്തോഗി അതൃപ്തി അറിയിച്ചു.
ഇതിന് പുറമെ, മുംബൈ വ്യവസായി അനിൽ വിശ്വകർമ്മ സമർപ്പിച്ച മൂന്ന് കിലോ വെള്ളി മാലയും പാദുകങ്ങളും സംബന്ധിച്ചും തട്ടിപ്പ് ആരോപണം ഉയർന്നിട്ടുണ്ട്. കാസിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ.
രാജു മാൻവാനി രണ്ട് കോടി രൂപയുടെ വെള്ളി നൽകിയിട്ടും രസീത് പോലും ലഭിച്ചില്ലെന്ന് പരാതി ഉന്നയിച്ചു. സംഭവം രാഷ്ട്രീയ തലത്തിലും വലിയ ചർച്ചയായിട്ടുണ്ട്.
“എല്ലാം കണ്ടുനിന്ന ശേഷം ഉള്ള നടപടിയെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് പരിഹസിച്ചു. ജനം എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.” തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

