കേരളതീരത്ത് കഴിഞ്ഞ കുറെ വർഷങ്ങളായി തുടർന്നുവന്ന മത്തി വറുതിക്ക് വിരാമമിട്ടുകൊണ്ട് വലിയ വലിപ്പത്തിലുള്ള നെയ്ച്ചാളകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നു. സർക്കാരിന്റെ മിനിമം ലീഗൽ സൈസ് നിബന്ധനയേക്കാൾ (10 സെ.മീ) കൂടുതൽ വലിപ്പവും മുട്ടയുള്ളതുമായ മത്തിയാണ് ഇപ്പോൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത്.
നേരത്തെ, വളർച്ചയെത്താത്ത കുഞ്ഞുമീനുകളെ കൂട്ടത്തോടെ പിടിക്കുന്നത് തടയുന്നതിനായി 10 സെന്റിമീറ്ററിൽ താഴെയുള്ള മത്തി പിടിക്കുന്നത് സർക്കാർ കർശനമായി വിലക്കിയിരുന്നു. മുൻ വർഷങ്ങളിൽ തമിഴ്നാട്ടിലെ കടലൂർ, രാമേശ്വരം, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്ന് മത്തി എത്തിയിരുന്നുവെങ്കിലും, ദൂരയാത്രയിൽ മീൻ കേടാകാതിരിക്കാൻ രാസവസ്തുക്കൾ ചേർക്കുന്നുവെന്ന സംശയം ഉപഭോക്താക്കൾക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്നു.
കൂടാതെ, 2024, 2025 വർഷങ്ങളിൽ കേരളതീരത്ത് ലഭിച്ച മത്തിക്ക് വളർച്ചാ മുരടിപ്പും ഗുണനിലവാരക്കുറവും ഉണ്ടായിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ അവ കുറഞ്ഞ വിലയ്ക്ക് മീൻപൊടി ഫാക്ടറികളിലേക്കാണ് അയച്ചിരുന്നത്.
ഈ സാഹചര്യത്തിലാണ് സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്. ഈ മാറ്റത്തെക്കുറിച്ച് സമുദ്ര ശാസ്ത്രജ്ഞനായ ഡോ.സുനിൽ മുഹമ്മദ് വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “മുൻവർഷങ്ങളിൽ, വളർച്ചയെത്താത്ത കുഞ്ഞുമത്തികളെ വ്യാപകമായി പിടിച്ചതുമൂലം അവയ്ക്കു വളരാൻ സാവകാശം കിട്ടിയില്ലെന്നും, നിയമപരമായ നിയന്ത്രണം കർശനമായി പാലിച്ചതിലൂടെ ഇപ്പോൾ മത്തിക്കു സ്വാഭാവിക വളർച്ചാഘട്ടം പൂർത്തിയാക്കാൻ സാധിച്ചുവെന്നും.”
അപ്വെല്ലിങ് പ്രതിഭാസത്തിന്റെ സ്വാധീനം
കടലിലെ അനുകൂലമായ അന്തരീക്ഷ സ്ഥിതിയും ശക്തമായ ഒഴുക്കും മൂലം ഉണ്ടായ ‘അപ്വെല്ലിങ്’ എന്ന പ്രതിഭാസം മത്തികളുടെ തിരിച്ചുവരവിന് കാരണമായിട്ടുണ്ട്.
കടലിന്റെ അടിത്തട്ടിലുള്ള പോഷകസമൃദ്ധമായ തണുത്ത വെള്ളം ഉപരിതലത്തിലേക്ക് ഉയരുകയും, ഇതുവഴി മത്തികളുടെ പ്രധാന ആഹാരമായ പ്ലവഗങ്ങൾ വൻതോതിൽ വർധിക്കുകയും ചെയ്തു. ഈ പോഷകസമൃദ്ധമായ അന്തരീക്ഷം മീനുകളുടെ പെട്ടെന്നുള്ള വളർച്ചയ്ക്കും ശരീരഭാരം കൂടുന്നതിനും സഹായകമായി.
മികച്ച പോഷകാഹാരം ലഭിച്ചത് മത്തികളിൽ മുട്ടകൾ രൂപപ്പെടുന്നതിനും കാരണമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

